ടൊറന്റോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകളെ തുടർന്ന് നൂറുകണക്കിന് കനേഡിയൻ സ്റ്റീൽ അലുമിനിയം തൊഴിലാളികൾക്ക് ജോലി നഷ്ടമായതായി വ്യവസായ മേധാവികളും ബാധിത കമ്പനികളും അറിയിച്ചു. കനേഡിയൻ നിർമ്മാണ മേഖലയിൽ സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ തൊഴിൽ നഷ്ടങ്ങൾ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ താരിഫുകൾ തുടർന്നാൽ തൊഴിൽ വിപണിയിലും സമഗ്ര സാമ്പത്തിക വളർച്ചയിലും കൂടുതൽ സമ്മർദ്ദം ഉണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
മാർച്ച് 12-നാണ് ട്രംപ് സ്റ്റീലിനും അലുമിനിയത്തിനും താരിഫ് ഏർപ്പെടുത്തിയിരുന്നത്, ഏപ്രിൽ 2-ന് കൂടുതൽ നികുതികൾ വരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റീൽവർക്കേഴ്സ് യൂണിയന്റെ ദേശീയ ഡയറക്ടറായ മാർട്ടി വാരൻ, ഇതിനോടകം തന്നെ ഏകദേശം 200 യൂണിയൻ അംഗങ്ങൾക്ക് തൊഴിൽ നഷ്ടമായതായി സ്ഥിരീകരിച്ചു. കാനഡ മെറ്റൽ പ്രോസസിംഗ് ഗ്രൂപ് പോലുള്ള കമ്പനികൾ ഇതിനകം തന്നെ തൊഴിലാളികളുടെ എണ്ണം കുറച്ചിട്ടുണ്ട്, താരിഫ് തന്നെയാണ് ഇതിലെ പ്രധാന ഘടകമായി ചൂണ്ടിക്കാട്ടുന്നത്. കമ്പനി ഫെബ്രുവരിയിൽ 140 പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു. ഇതിൽ ഒരു നിയമന നിരോധനവും നടപ്പിലാക്കിയിട്ടുണ്ട്.
ഒന്റാറിയോ ആസ്ഥാനമായുള്ള അൽഗോമ സ്റ്റീലും ഇതിന്റെ ആഘാതം അനുഭവിച്ചു, അടുത്തിടെ 27 തൊഴിലാളികളെയാണ് കമ്പനി പിരിച്ചുവിട്ടത്. പുതിയ കനേഡിയൻ സ്റ്റീൽ-അലൂമിനിയം ഉല്പന്നങ്ങൾ വാങ്ങുന്നവരെ ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ കമ്പനിക്ക് കൂടുതൽ തൊഴിലുകൾ വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് സിഇഒ മൈക്കിൾ ഗാർസിയ പറഞ്ഞു.
യുഎസ്-മെക്സിക്കോ-കാനഡ സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള താരിഫ് അനുസൃത ചരക്കുകൾക്കുള്ള താൽക്കാലിക ഇളവ് അവസാനിക്കാനിരിക്കുന്ന അടുത്ത ആഴ്ച കൂടുതൽ വലിയ പിരിച്ചുവിടൽ തരംഗം ഉണ്ടാകാമെന്ന് വാരൻ മുന്നറിയിപ്പ് നൽകി. 100,000 വരെ യൂണിയൻ അംഗങ്ങളെ ഇത് ബാധിക്കുമെന്ന് അദ്ദേഹം കണക്കാക്കുന്നു.
കാനഡ മെറ്റൽ പ്രോസസിംഗ് ഗ്രൂപ്പിന്റെ ഇവാക്കോ പ്ലാന്റിലെ ഷ്രെഡർ ഓപ്പറേറ്ററായ സ്കോട്ട് നോസ്‌വർത്തി പോലുള്ള തൊഴിലാളികൾക്ക്, ഈ അനിശ്ചിതത്വം അസ്വസ്ഥതയുളവാക്കുന്നതാണ്. ഒരു മാസത്തിലധികമായി പിരിച്ചുവിടൽ മുന്നറിയിപ്പുകൾ ലഭിച്ചതിനുശേഷം, അദ്ദേഹവും സഹപ്രവർത്തകരും താരിഫ് നടപ്പിലാവില്ലെന്ന് പ്രതീക്ഷിച്ചിരുന്നു. “ട്രംപ് താരിഫ് ഏർപ്പെടുത്തിയപ്പോൾ, അത് ഞങ്ങളെ കഠിനമായി ബാധിച്ചു,” അദ്ദേഹം പറഞ്ഞു. ഇപ്പോൾ, യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനു പകരം, അദ്ദേഹത്തെ അറ്റകുറ്റപ്പണികൾക്കും വൃത്തിയാക്കുന്നതിനുമായി നിയോഗിച്ചിരിക്കുന്നു, തുടർന്ന് എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ല. വീട്ടിൽ ചെറിയ കുട്ടിയുള്ള അദ്ദേഹം, സ്ഥിതിഗതി “പരക്കം പാച്ചിൽ” ആണെന്ന് വിശേഷിപ്പിക്കുകയും ബാധിക്കപ്പെട്ട തൊഴിലാളികൾക്ക് അനിശ്ചിതമായ ഭാവി നേരിടാൻ സഹായിക്കുന്നതിന് മെച്ചപ്പെട്ട തൊഴിൽ ഇൻഷുറൻസും നൈപുണ്യ പരിശീലനവും ഉൾപ്പെടെയുള്ള സർക്കാർ പിന്തുണ ആവശ്യപ്പെടുകയും ചെയ്തു.



