അഹമ്മദാബാദ്: അഹമ്മദാബാദിൽ റെഡിമെയ്ഡ് മാവ് ഉപയോഗിച്ച് നിർമ്മിച്ച ദോശ കഴിച്ചതിനെത്തുടർന്ന് രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് മാസം പ്രായമുള്ള റാഹ, നാല് വയസ്സുള്ള മിശ്രി എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കളായ വിമൽ പ്രജാപതിയും ഭാവന പ്രജാപതിയും ഭക്ഷ്യവിഷബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വീടിന് സമീപത്തെ കടയിൽ നിന്ന് വാങ്ങിയ ദോശമാവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഏപ്രിൽ ഒന്നിന് വാങ്ങിയ മാവ് ഉപയോഗിച്ച് വിമൽ അന്നുതന്നെ ദോശയുണ്ടാക്കി കഴിച്ചിരുന്നു. പിറ്റേന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെങ്കിലും അത് ദോശമാവ് മൂലമാണെന്ന് കുടുംബം തിരിച്ചറിഞ്ഞില്ല. ഇതേ മാവ് ഉപയോഗിച്ച് പിന്നീട് ഭാവന ദോശയുണ്ടാക്കി കുട്ടികൾക്ക് നൽകുകയും സ്വയം കഴിക്കുകയും ചെയ്തു. മൂന്ന് മാസം പ്രായമുള്ള റാഹ ഏപ്രിൽ 4-നും, നാല് വയസ്സുകാരി മിശ്രി ഏപ്രിൽ 5-നും മരണത്തിന് കീഴടങ്ങി. മാതാപിതാക്കളുടെ നില ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്.
സാധാരണയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കട്ടിയുള്ള ആഹാരം നൽകാറില്ലാത്തതിനാൽ മരണത്തിൽ ദുരൂഹതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അമ്മ കഴിച്ച ഭക്ഷണത്തിലെ വിഷാംശം മുലയൂട്ടലിലൂടെ കുഞ്ഞിലേക്ക് എത്തിയതാണോ എന്ന് മെഡിക്കൽ സംഘം പരിശോധിക്കുന്നു. കടയിൽ നിന്ന് ലഭിച്ച മാവ് പഴകിയതാണോ അതോ വിഷാംശം കലർന്നതാണോ എന്ന് കണ്ടെത്താൻ മാവ് സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ്, റെഡിമെയ്ഡ് ഭക്ഷണങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
ready-made-dosa-dough-becomes-the-culprit;-two-children-die-tragically-in-ahmedabad-parents-in-critical-condition
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



