ഒട്ടാവ: ഒട്ടാവയിൽ അടുത്ത ആഴ്ചയോടെ പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യവും റിഫൈനറികൾ സമ്മർ-ഗ്രേഡ് ഇന്ധന മിശ്രിതത്തിലേക്ക് മാറുന്നതുമാണ് വില ഉയരാൻ പ്രധാന കാരണം. ബുധനാഴ്ചയോടെ ഒട്ടാവയിൽ വില ലിറ്ററിന് 1.89 ഡോളറായി വർധിക്കുമെന്നും അടുത്ത ആഴ്ചയോടെ കൂടുതൽ വലിയ വർധനവ് ഉണ്ടാകുമെന്നും ‘കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി’ പ്രസിഡന്റ് ഡാൻ മക്ടീഗ് വ്യക്തമാക്കി. ജനുവരി മുതൽ ഇതുവരെ ലിറ്ററിന് 50 സെന്റിലധികം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇറാനോട് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ ആഗോള എണ്ണ വിപണിയിൽ കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്നതായി മക്ടീഗ് അറിയിച്ചു. സംഘർഷം തുടരുകയാണെങ്കിൽ ആഗോള ഹൈഡ്രോകാർബൺ വിതരണത്തിൽ വലിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് കാലത്തെപ്പോലെയുള്ള ഡിമാൻഡ് കുറവല്ല, മറിച്ച് വിതരണത്തിലെ ദൗർലഭ്യമാണ് നിലവിലെ പ്രതിസന്ധിയെന്നും അതിനാൽ ഉയർന്ന വില ദീർഘകാലം തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ പകുതിയോടെ റിഫൈനറികൾ വിന്റർ-ബ്ലെൻഡ് ഇന്ധനത്തിൽ നിന്ന് സമ്മർ-ഗ്രേഡ് മിശ്രിതത്തിലേക്ക് മാറുന്നതോടെ ലിറ്ററിന് 7 സെന്റ് വരെ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. ഇത് വില 2 ഡോളറിന് മുകളിൽ എത്തിക്കുമെന്നാണ് കണക്കാക്കുന്നത്. സംഘർഷം അവസാനിച്ചാൽ പോലും ഉൽപ്പാദനം പുനരാരംഭിക്കാൻ സമയമെടുക്കുമെന്നതിനാൽ ഇന്ധനവില പെട്ടെന്ന് കുറയാൻ സാധ്യതയില്ലെന്നും ആഗോളതലത്തിലെ എണ്ണ ദൗർലഭ്യം വിപണിയെ സാരമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Gas prices in Ottawa could hit $2 per litre by next week, report says
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



