വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പാരമ്യത്തിലെത്തിച്ച് ഇറാനെതിരെ കടുത്ത പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രിയോടെ ഇറാൻ എന്ന രാജ്യം ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം നശിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ഇറാനിലെ നിലവിലെ ഭരണകൂടത്തിന് അന്ത്യമായെന്നും പുതിയൊരു ചരിത്രത്തിന് തുടക്കമാകുമെന്നും അദ്ദേഹം കുറിച്ചു.
ഒരു വലിയ നാഗരികത ഇല്ലാതാകുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെങ്കിലും അത് മിക്കവാറും ഇന്ന് സംഭവിക്കുമെന്ന് ട്രംപ് പറയുന്നു. “ഇന്ന് രാത്രി ഇറാൻ ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം നശിക്കും. അങ്ങനെ സംഭവിക്കുന്നത് എനിക്ക് ഇഷ്ടമല്ല, പക്ഷെ ഒരുപക്ഷേ അങ്ങനെ സംഭവിക്കാം. ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണിത്,” എന്ന് ട്രംപ് തന്റെ കുറിപ്പിൽ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ ട്രംപ് നടത്തിയ ഈ വെളിപ്പെടുത്തൽ ഒരു സൈനിക നീക്കത്തിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഇറാനിൽ പൂർണ്ണമായ ഭരണമാറ്റം നടന്നിരിക്കുകയാണെന്ന് അവകാശപ്പെട്ട ട്രംപ്, തീവ്രവാദ നിലപാടുകളില്ലാത്ത ബുദ്ധിശാലികളായ പുതിയ നേതൃത്വത്തിന് പ്രാധാന്യം ലഭിച്ചാൽ ഒരുപക്ഷേ അത്ഭുതങ്ങൾ സംഭവിച്ചേക്കാമെന്നും കൂട്ടിച്ചേർത്തു. 47 വർഷം നീണ്ടുനിന്ന ചൂഷണത്തിനും അഴിമതിക്കും മരണത്തിനും ഇന്ന് അന്ത്യം കുറിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇറാനിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഭരണസംവിധാനത്തെ ലക്ഷ്യം വെച്ചാണ് ട്രംപിന്റെ ഈ പരാമർശമെന്ന് വ്യക്തമാണ്.
ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതോടെ രാജ്യാന്തര തലത്തിൽ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. ഇന്ന് രാത്രി ഇറാനിൽ അമേരിക്ക കടുത്ത ആക്രമണങ്ങൾ നടത്തിയേക്കുമെന്ന സൂചനകൾ ലോകരാജ്യങ്ങളെ കനത്ത ജാഗ്രതയിലാക്കിയിട്ടുണ്ട്. വൈറ്റ് ഹൗസോ പെന്റഗണോ ഔദ്യോഗികമായി സൈനിക നടപടികളെക്കുറിച്ച് സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും ട്രംപിന്റെ വാക്കുകൾ ഗൗരവകരമായ സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. വരും മണിക്കൂറുകളിൽ പശ്ചിമേഷ്യയിൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ആഗോള സമൂഹം.
There's no turning back, Iran will be finished by tonight; Trump's warning shocked the world
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




