വാഷിംഗ്ടൺ: അമേരിക്കയെ കാനഡയുമായി കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇരുരാജ്യങ്ങൾക്കുമിടയിൽ സജീവമാകുന്നതിനിടെ, കനേഡിയൻ പൗരത്വം തേടുന്ന അമേരിക്കൻ പൗരന്മാരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തി. 2025 ഡിസംബറിൽ കാനഡ നടപ്പിലാക്കിയ ‘ബിൽ C-3’ (Bill C-3) നിയമപ്രകാരം പാരമ്പര്യമായി പൗരത്വം നേടാനുള്ള വ്യവസ്ഥകൾ ലഘൂകരിച്ചതാണ് അപേക്ഷകരുടെ എണ്ണം കുത്തനെ കൂടാൻ കാരണമായത്.
കാനഡയിൽ ജനിച്ച പൂർവികരുമായി ബന്ധം തെളിയിക്കാൻ സാധിക്കുന്ന ഏതൊരാൾക്കും പുതിയ നിയമം വഴി പൗരത്വത്തിന് അപേക്ഷിക്കാം. ഇതോടെ നേരത്തെ മാസം പത്ത് അപേക്ഷകൾ മാത്രം വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ നൂറിലധികം അപേക്ഷകളാണ് ലഭിക്കുന്നത്. കൂടാതെ ക്യുബെക്ക്, ഒന്റാരിയോ തുടങ്ങിയ ഇടങ്ങളിലെ രേഖകൾ പരിശോധിക്കുന്ന ഓഫീസുകളിൽ തിരക്ക് വർധിച്ചു. നിലവിൽ അമ്പതിനായിരത്തിലധികം ആളുകളാണ് പൗരത്വ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നത്. തിരക്ക് കൂടിയതോടെ അപേക്ഷകളിൽ തീരുമാനമാകാൻ പത്ത് മാസമെങ്കിലും സമയമെടുക്കുമെന്നാണ് സൂചന.
അഭിഭാഷകർ, ഡോക്ടർമാർ, സംരംഭകർ തുടങ്ങിയ ഉന്നത പ്രൊഫഷണലുകളാണ് അപേക്ഷകരിലേറെയും എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ മാറ്റങ്ങളോടുള്ള പ്രതികരണമെന്നതിലുപരി, സുരക്ഷിതമായ ഒരു ഭാവി ലക്ഷ്യമിട്ടുള്ള മുൻകരുതലായാണ് പലരും ഈ നീക്കത്തെ കാണുന്നത്. അമേരിക്കയിൽ നിന്ന് കാനഡയെ കൂട്ടിച്ചേർക്കാനുള്ള രാഷ്ട്രീയ സമ്മർദ്ദങ്ങളും വ്യാപാര തർക്കങ്ങളും തുടരുമ്പോഴും, തങ്ങളുടെ കുടുംബവേരുകൾ കണ്ടെത്തി കനേഡിയൻ പാസ്‌പോർട്ട് സ്വന്തമാക്കാനുള്ള തിരക്കിലാണ് വലിയൊരു വിഭാഗം അമേരിക്കക്കാർ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Canadian passports are gaining popularity; thousands of Americans are applying






