മോൺട്രിയൽ: മുനിസിപ്പാലിറ്റികളുടെ പ്രത്യേക അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനകൾ നടത്തുന്നത് നിരോധിച്ചുകൊണ്ട് ക്യുബെക്ക് പ്രവിശ്യ സർക്കാർ പുതിയ നിയമം നടപ്പിലാക്കി. ഗുഡ് ഫ്രൈഡേ ആചരണങ്ങൾക്കിടെ പ്രാബല്യത്തിൽ വന്ന ഈ നിയമം മതവിശ്വാസികൾക്കിടയിലും മനുഷ്യാവകാശ സംഘടനകൾക്കിടയിലും വലിയ ആശങ്കയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായിട്ടുണ്ട്.
നേരത്തെ ‘ബിൽ 9’ എന്നറിയപ്പെട്ടിരുന്ന ഈ നിയമപ്രകാരം, പൊതുസ്ഥലങ്ങളിലെ പ്രാർത്ഥനാ നിരോധനത്തിന് പുറമെ ഡേകെയർ ജീവനക്കാർ മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിനും സർവകലാശാലകൾ പോലുള്ള പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥനാ മുറികൾ സജ്ജീകരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ സർക്കാർ നടപടി വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി മോൺട്രിയൽ ആർച്ച് ബിഷപ്പ് ക്രിസ്ത്യൻ ലെപിൻ രംഗത്തെത്തി. മതനിരപേക്ഷത എന്നാൽ സ്വാതന്ത്ര്യം തടയലല്ലെന്നും, എല്ലാവർക്കും ഒരേപോലെ ജീവിക്കാൻ കഴിയുന്ന സാഹചര്യമാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിവിധ മതസംഘടനകളും സിവിൽ ലിബർട്ടീസ് അസോസിയേഷനും നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പുതിയ നിയമം മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിവേചനമാണെന്ന് നാഷണൽ കൗൺസിൽ ഓഫ് കാനേഡിയൻ മുസ്ലിംസ് (NCCM) ആരോപിച്ചു. നിലവിലുള്ള നിയമങ്ങൾ ഉപയോഗിച്ച് പരിഹരിക്കാവുന്ന പ്രശ്നങ്ങളെ സർക്കാർ രാഷ്ട്രീയ അജണ്ടയ്ക്കായി ഉപയോഗിക്കുകയാണെന്നാണ് ഇവരുടെ പക്ഷം. വരും ദിവസങ്ങളിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Prayers banned in public places; ‘Bill 9’ comes into effect in Quebec




