ഒന്റാറിയോ: ഒന്റാറിയോയിലെ ബ്രാംപ്ടണിലുള്ള സ്റ്റെല്ലാന്റിസ് പ്ലാന്റിൽ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ അസംബിൾ ചെയ്യാനുള്ള നീക്കത്തിൽ ശക്തമായ പ്രതിഷേധവുമായി തൊഴിലാളി സംഘടനയായ യൂണിഫോർ രംഗത്തെത്തി. ചൈനീസ് വാഹന നിർമ്മാതാക്കളായ ലീപ്‌മോട്ടോറുമായി ചേർന്ന് ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനുള്ള സാധ്യത സ്റ്റെല്ലാന്റിസ് പരിശോധിക്കുന്നതായി യൂണിഫോർ വ്യാഴാഴ്ച സ്ഥിരീകരിച്ചു.
ചൈനയിൽ നിർമ്മിച്ച ഭാഗങ്ങൾ ഇവിടെ എത്തിച്ച് കൂട്ടിയോജിപ്പിക്കുക മാത്രമാണ് പ്ലാന്റിൽ നടക്കുകയെന്നും ഇത് യഥാർത്ഥ നിർമ്മാണ പ്രവർത്തനമല്ലെന്നും യൂണിഫോർ നാഷണൽ പ്രസിഡന്റ് ലാന പെയ്ൻ വ്യക്തമാക്കി. കാനഡയിലെ വാഹന അനുബന്ധ വ്യവസായങ്ങളെയും തൊഴിലവസരങ്ങളെയും ഈ നീക്കം ദോഷകരമായി ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ചൈനീസ് കമ്പനിയുമായുള്ള ചർച്ചകളെക്കുറിച്ച് സ്റ്റെല്ലാന്റിസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ബ്രാംപ്ടൺ പ്ലാന്റിന്റെ ഭാവി പദ്ധതികളെക്കുറിച്ച് സർക്കാരുമായും മറ്റ് പങ്കാളികളുമായും ചർച്ചകൾ നടക്കുന്നുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. 2023-ൽ ലീപ്‌മോട്ടോറിന്റെ 21 ശതമാനം ഓഹരികൾ സ്റ്റെല്ലാന്റിസ് വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയ്ക്ക് പുറത്തേക്ക് ഉൽപ്പാദനം വ്യാപിപ്പിക്കാൻ ഇരു കമ്പനികളും തമ്മിൽ പങ്കാളിത്തമുണ്ടാക്കിയത്. കാനഡയിലെ തൊഴിലാളികളെയും വിതരണക്കാരെയും പിന്തുണയ്ക്കുന്ന ദീർഘകാല നിക്ഷേപങ്ങൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി.
ബ്രാംപ്ടണിൽ നേരത്തെ നിശ്ചയിച്ചിരുന്ന ജീപ്പ് കോംപസ് ഉൽപ്പാദനം അമേരിക്കയിലേക്ക് മാറ്റാൻ സ്റ്റെല്ലാന്റിസ് കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. യുഎസ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകളെത്തുടർന്നായിരുന്നു ഈ നീക്കം. ഇതോടെ ഏകദേശം 3,000 തൊഴിലാളികൾക്ക് ജോലി നഷ്ടമാകുന്ന സാഹചര്യം നിലവിലുണ്ട്. സ്റ്റെല്ലാന്റിസിന്റെ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നും ഉൽപ്പാദനം കാനഡയിൽ തന്നെ ഉറപ്പാക്കാൻ കമ്പനിയുമായും ഒന്റാറിയോ സർക്കാരുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഫെഡറൽ വ്യവസായ മന്ത്രി മെലാനി ജോളിയുടെ ഓഫീസ് അറിയിച്ചു.
പ്രതിവർഷം 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ തീരുവ 100 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കനേഡിയൻ സർക്കാർ കുറച്ചതിന് പിന്നാലെയാണ് പുതിയ നീക്കങ്ങൾ സജീവമായത്. ഈ തീരുമാനം കാനഡയിൽ കൂടുതൽ നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ തീരുവ കുറയ്ക്കാനുള്ള നീക്കം ഒന്റാറിയോയിലെ നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡും യൂണിഫോറും വിലയിരുത്തൽ നടത്തി. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്.
Chinese electric vehicle manufacturing at Brampton plant; Unifor expresses serious concern over Stellantis move
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




