ഒന്റാറിയോ : സഡ്ബറി എനർജി കോർട്ടിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ഹബ്ബിന്റെ പ്രവർത്തന സമയം പ്രതിദിനം എട്ട് മണിക്കൂറായി കുറയ്ക്കാൻ ആലോചിക്കുന്നതായി സിറ്റി കൗൺസിൽ അറിയിച്ചു. ശൈത്യകാലത്ത് ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന വാമിംഗ് സെന്റർ, മേയ് ഒന്ന് മുതൽ കൂളിംഗ് ഡ്രോപ്പ്-ഇൻ സെന്ററായി മാറുമ്പോഴാണ് സമയം കുറയ്ക്കാൻ ശുപാർശ ചെയ്തത്. എന്നാൽ, ഈ ശുപാർശയിൽ കൂടുതൽ വ്യക്തത വരുത്താനും സേവനങ്ങളിലെ പോരായ്മകൾ പരിഹരിക്കാനുമുള്ള കൂടുതൽ ഓപ്ഷനുകൾ തേടിക്കൊണ്ട് സിറ്റി കൗൺസിൽ റിപ്പോർട്ട് മടക്കി. ‘ഗോ-ഗിവ് പ്രോജക്ട്’ ആണ് നിലവിൽ ഇവിടെ സേവനങ്ങൾ നൽകുന്നത്.
സമയം എട്ട് മണിക്കൂറായി ചുരുക്കുന്നത് വഴി ദിവസത്തിൽ 16 മണിക്കൂർ ഈ പ്രദേശം മേൽനോട്ടമില്ലാതെ മാറുമെന്നും ഇത് കമ്മ്യൂണിറ്റിയെ മൊത്തത്തിൽ ബാധിക്കുമെന്നും ഗോ-ഗിവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഈവി അലി വ്യക്തമാക്കി. സേവനങ്ങൾ എട്ട് മണിക്കൂറായി കുറയ്ക്കുന്ന സാഹചര്യത്തിൽ, മേയ് പകുതിയോടെ പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ വാർഡ് 5 കൗൺസിലർ മൈക്ക് പാരന്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മേയ് മാസം മുഴുവൻ ചുരുങ്ങിയത് എട്ട് മണിക്കൂർ സേവനം ഉറപ്പാക്കുന്നതിനുള്ള കൗൺസിലറുടെ പ്രമേയത്തിന് കൗൺസിൽ അംഗങ്ങളുടെ ഐകകണ്ഠേനയുള്ള പിന്തുണ ലഭിച്ചു.
എനർജി കോർട്ടിലെ സേവനങ്ങൾക്കായി മുനിസിപ്പാലിറ്റികളല്ല, മറിച്ച് ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകളാണ് ഫണ്ട് നൽകേണ്ടതെന്ന് മൈക്ക് പാരന്റ് ചൂണ്ടിക്കാട്ടി. ഈ കേന്ദ്രത്തെ ആശ്രയിക്കുന്നവരിൽ 94 ശതമാനം പേർ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും 86 ശതമാനം പേർ മാനസികാരോഗ്യ പ്രശ്നങ്ങളും നേരിടുന്നവരാണെന്നും ഇത് പ്രവിശ്യാ സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഭവനരഹിതർക്കായുള്ള പദ്ധതിയിൽ കാനഡ സർക്കാർ കൂടുതൽ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതാണെന്ന് ഈവി അലി അറിയിച്ചു.
മേയ് മുതൽ സെപ്റ്റംബർ വരെ കൂളിംഗ് സെന്റർ പ്രവർത്തിപ്പിക്കുന്നതിന് 800,000 ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ സിറ്റിയുടെ കരുതൽ ശേഖരത്തിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. സേവനങ്ങൾ പൂർണ്ണമായും നിർത്തിയാൽ അത് പ്രദേശത്തെ ബിസിനസുകളെയും താമസക്കാരെയും ബാധിക്കുമെന്നും അടിയന്തര സേവന വിഭാഗങ്ങൾക്ക് അധിക ജോലിഭാരമുണ്ടാക്കുമെന്നും പാരന്റ് ആശങ്ക പ്രകടിപ്പിച്ചു. കൂളിംഗ് സെന്റർ 12 മണിക്കൂറും എൻകാമ്പ്‌മെന്റ് റെസ്‌പോൺസ് വിഭാഗം 16 മണിക്കൂറും പ്രവർത്തിക്കണമെന്നാണ് ഗോ-ഗിവ് പ്രോജക്ട് ആവശ്യപ്പെടുന്നത്.
Go-Give Project expresses concern over move to cut operating hours at Sudbury Social Service Hub
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



