ടെഹ്‌റാൻ: അമേരിക്കയുടെ ഭാഗത്തുനിന്ന് കരയാക്രമണമുണ്ടായാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ഇറാൻ സൈനിക വിഭാഗമായ ഐആർജിസിയുടെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ്. ഇറാനിയൻ മണ്ണിൽ അധിനിവേശത്തിന് മുതിരുന്ന ഏതൊരു ശത്രുവിനെയും പരാജയപ്പെടുത്താൻ സായുധ സേന സജ്ജമാണെന്ന് ആസ്ഥാന വക്താവ് ഇബ്രാഹിം സുൽഫിക്കാരി വ്യക്തമാക്കി. നിലവിലെ യുദ്ധസാഹചര്യത്തിൽ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അമേരിക്കയും ഇസ്രായേലും നടത്തുന്ന തന്ത്രപരമായ നീക്കങ്ങൾ അവർക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് ഇറാന്റെ വിലയിരുത്തൽ. നൂതന സൈനിക ഉപകരണങ്ങളും പ്രചാരണ യുദ്ധങ്ങളും വഴി രാജ്യത്തെ തടയാനാകില്ലെന്നും “രാജ്യത്തെ ആക്രമിക്കുന്ന ഏതൊരു അധിനിവേശക്കാരന്റെയും കാലുകൾ ഇറാന്റെ സായുധ സേന വെട്ടിമാറ്റും,” എന്നും ഇബ്രാഹിം സുൽഫിക്കാരി പ്രസ് ടിവിയോട് പറഞ്ഞു. കരയാക്രമണം നേരിടാൻ റഷ്യൻ-ചെചെൻ സൈന്യത്തിന്റെ സഹായം ലഭ്യമാകുമെന്നും ഇറാൻ വ്യക്തമാക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾക്കിടയിലും സൈനിക നടപടികളുമായി മുന്നോട്ട് പോകാനാണ് യുഎസ് നീക്കമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
അമേരിക്ക രഹസ്യമായി കരയാക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ ഗാലിബാഫ് ആരോപിച്ചു. വ്യോമാക്രമണത്തിന് സൗകര്യമൊരുക്കുന്ന ഗൾഫ് രാജ്യങ്ങൾക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശത്രുവിനെ പ്രതിരോധിക്കാൻ രാജ്യം തയ്യാറാണെന്നും അധിനിവേശത്തിന് മുതിരുന്നവർ കനത്ത വില നൽകേണ്ടി വരുമെന്നും ഇറാൻ ഔദ്യോഗികമായി അറിയിച്ചു. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാന്റെ പുതിയ പ്രസ്താവന അതീവ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'If you dare to invade, you will be cut off'; Iran warns against US move




