സ്‌റ്റോൺവിൽ: സ്വന്തം നാട്ടുകാർക്ക് തൊഴിൽ നൽകി, ഒരു നാടിന്റെ തന്നെ പട്ടിണി മാറ്റിയിരുന്ന ഒരു ചെറുകിട വ്യവസായ സ്ഥാപനം ഇന്ന് നിലനിൽപ്പിനായി പൊരുതുകയാണ്. ന്യൂഫൗണ്ട്‌ലാൻഡിലുള്ള സ്‌റ്റോൺവിൽ ഗ്രാമത്തിലെ ‘ഹോഡേഴ്‌സ് ഷെൽഫിഷ്’ (Hodder’s Shellfish) എന്ന മത്സ്യസംസ്‌കരണ സ്ഥാപനമാണ് പുതിയ സർക്കാർ നിയന്ത്രണങ്ങൾ മൂലം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്. വർഷങ്ങളായി താനും ഭർത്താവ് ജെറിയും ചേർന്ന് പടുത്തുയർത്തിയ ഈ സ്ഥാപനത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ഇതിന്റെ മാനേജരായ അലീഷ ഹോഡർ. കഴിഞ്ഞ കുറച്ചുകാലമായി ഈ പ്ലാന്റിൽ ആവശ്യത്തിന് കടൽ വിഭവങ്ങൾ (സീ അർച്ചിൻ) ലഭ്യമല്ലാതായതോടെയാണ് പ്രതിസന്ധികൾക്ക് തുടക്കമാകുന്നത്.
പ്ലാന്റിലെ 30 ഓളം വരുന്ന ജീവനക്കാർക്ക് സ്ഥിരമായി ജോലി നൽകാൻ മറ്റ് മത്സ്യങ്ങൾ കൂടി ഇവിടെ സംസ്‌കരിക്കാൻ അനുമതി നൽകണമെന്ന് അലീഷ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇതിന് തയ്യാറായില്ല. തുടർന്ന്, തങ്ങൾക്ക് ലഭിച്ച ‘ഔട്ട്‌സൈഡ് ബയേഴ്‌സ് ലൈസൻസ്’ (മത്സ്യം വാങ്ങി പ്രവിശ്യക്ക് പുറത്ത് വിൽക്കാനുള്ള അനുമതി) ഉപയോഗിച്ച് പ്ലാന്റ് വിപുലീകരിക്കാനും ഫ്രീസറുകൾ സ്ഥാപിക്കാനും ഇവർ വൻതുക നിക്ഷേപിച്ചു. എന്നാൽ ഈ വരുന്ന വസന്തകാലത്ത് പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ഇരിക്കെയാണ് ഇരുട്ടടിയായി ഫെബ്രുവരിയിൽ സർക്കാരിന്റെ പുതിയ ഉത്തരവ് വരുന്നത്.
സംസ്‌കരണ ലൈസൻസ് ഉള്ള കമ്പനികൾക്ക് പുറത്തുനിന്നും മത്സ്യം വാങ്ങി വിൽക്കാനുള്ള ‘ബയേഴ്‌സ് ലൈസൻസ്’ കൈവശം വെക്കാൻ കഴിയില്ലെന്നായിരുന്നു പുതിയ നിയമം. വൻകിട കമ്പനികൾക്ക് എല്ലാത്തരം മത്സ്യങ്ങളും സംസ്‌കരിക്കാൻ അനുമതി നൽകുമ്പോൾ, തങ്ങളെപ്പോലുള്ള ചെറുകിട സ്ഥാപനങ്ങളോട് സർക്കാർ വിവേചനം കാണിക്കുകയാണെന്ന് അലീഷ കുറ്റപ്പെടുത്തുന്നു.
ഞാൻ സർക്കാരിനോട് പണമൊന്നും ചോദിച്ചിട്ടില്ല. സ്വന്തം പ്രയത്നം കൊണ്ടാണ് ഈ സ്ഥാപനം ഇതുവരെ എത്തിച്ചത്. എനിക്ക് മറ്റ് മത്സ്യങ്ങൾ കൂടി ഇവിടെ സംസ്‌കരിക്കാൻ അനുമതി നൽകുക മാത്രമാണ് വേണ്ടതെന്ന് അലീഷ പറയുന്നു. അതേസമയം, പ്ലാന്റുകൾ ഇല്ലാത്തവർക്ക് മാത്രമായി ബയേഴ്‌സ് ലൈസൻസ് പരിമിതപ്പെടുത്തുന്നത് വഴി പരമാവധി കടൽ വിഭവങ്ങൾ പ്രവിശ്യയിൽ തന്നെ സംസ്‌കരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാനാണ് തങ്ങളുടെ ശ്രമമെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം. പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ അപേക്ഷാ സംവിധാനം കൊണ്ടുവരുമെന്നും അവർ പറയുന്നുണ്ടെങ്കിലും, തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് ഇവിടുത്തെ പാവപ്പെട്ട തൊഴിലാളികൾ.
stoneville-plant-wants-to-process-more-species-continue-employing-30-workers
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




