കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നതിനിടെ, സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച ഇൻഫ്ലുവൻസർ അയച്ച ക്ഷമാപണ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് അഖിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. വരും ദിവസങ്ങളിലും ബോധപൂർവം വ്യാജവാർത്തകൾ ചമച്ചാൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ വിദ്വേഷം വളർത്താൻ ചിലർ ഇല്ലാക്കഥകൾ ഉണ്ടാക്കുകയാണെന്ന് അഖിൽ മാരാർ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. ‘അനാഷ്’ എന്ന ഇൻഫ്ലുവൻസർ ഇൻസ്റ്റാഗ്രാമിൽ തനിക്കയച്ച മെസ്സേജിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് സ്ഥാനാർഥിയുടെ പോസ്റ്റ്. തൃക്കാക്കരയിൽ അഖിൽ മാരാർ ജയിച്ചാൽ അടിവസ്ത്രം മാത്രം ധരിച്ച് പൊതുനിരത്തിൽ ഓടുമെന്ന തരത്തിൽ മുൻപ് ഈ ഇൻഫ്ലുവൻസർ വിഡിയോ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇയാൾ അഖിലിനോട് മാപ്പ് ചോദിക്കുകയായിരുന്നു.
“തൃക്കാക്കരയിൽ ഞാൻ ജയിച്ചാൽ ബ്രായും ഷഡ്ഢിയും ഇട്ട് ഓടും എന്ന് പറഞ്ഞ അനാഷ് എനിക്കയച്ച മാപ്പ് മെസ്സേജ് ആണിത്. എനിക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ഇല്ലാക്കഥകൾ സൃഷ്ടിച്ച് പോസ്റ്റ് ചെയ്യുകയായിരുന്നു. ഞാൻ ഇതിനെക്കുറിച്ച് ചോദിച്ചതിന് ശേഷമാണ് അവൻ അത് റിമൂവ് ചെയ്തത്. ആളുകൾക്ക് കണ്ടന്റ് റീച്ച് കിട്ടാൻ ഞാൻ പറഞ്ഞ വാക്കുകൾ അടർത്തിയെടുത്ത് എത്ര ആക്ഷേപിച്ചാലും എനിക്ക് ഒരു വിരോധമോ ദേഷ്യമോ തോന്നില്ല. എന്നാൽ ബോധഃപൂർവം സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ എൻഡിഎ സ്ഥാനാർഥി എന്ന നിലയിൽ നിയമപരമായി മുന്നോട്ട് പോകേണ്ടി വരും,” അഖിൽ മാരാർ വ്യക്തമാക്കി.
തന്റെ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് പറഞ്ഞ അനാഷിന്റെ മാന്യതയെ താൻ ഉൾക്കൊള്ളുന്നുവെന്നും അഖിൽ കൂട്ടിച്ചേർത്തു. അനാഷിന് കിട്ടിയ സോഷ്യൽ മീഡിയ റീച്ച് കണ്ട് മറ്റു ചിലരും സമാനമായ രീതിയിൽ രംഗത്തിറങ്ങിയിട്ടുണ്ടെന്നും അത്തരം വ്യാജ പ്രചാരകർക്കുള്ള മറുപടിയാണ് ഇതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആശയപരമായി എതിർപ്പുകൾ പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ വ്യക്തിഹത്യയും സത്യവിരുദ്ധമായ കാര്യങ്ങളും വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കിയാണ് അഖിൽ മാരാർ കുറിപ്പ് അവസാനിപ്പിക്കുന്നത്. വോട്ടെടുപ്പ് തീയതി അടുത്തുവരുന്ന സാഹചര്യത്തിൽ രാഷ്ട്രീയ പോരാട്ടങ്ങൾക്കൊപ്പം സൈബർ പോരാട്ടങ്ങളും മണ്ഡലത്തിൽ കടുക്കുകയാണെന്നതിന്റെ സൂചനയാണ് ഈ സംഭവം നൽകുന്നത്.
akhil-marar-shares-influencer-apology
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




