ഒന്റാരിയോ: 2025-ൽ ഒരു ലക്ഷം ഡോളറിലധികം ശമ്പളം കൈപ്പറ്റിയ ഒന്റാരിയോയിലെ പൊതുമേഖലാ ജീവനക്കാരുടെ പട്ടിക (സൺഷൈൻ ലിസ്റ്റ്) വെള്ളിയാഴ്ച പുറത്തിറക്കി. നാല് ലക്ഷത്തിലധികം പേരാണ് ഇത്തവണ പട്ടികയിൽ ഇടംപിടിച്ചത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധന രേഖപ്പെടുത്തി. 1.9 മില്യൺ ഡോളർ (1,907,408 ഡോളർ) ശമ്പളം വാങ്ങുന്ന ഒന്റാരിയോ പവർ ജനറേഷൻ (OPG) പ്രസിഡന്റ് കെൻ ഹാർട്ട്വിക് ആണ് പട്ടികയിൽ ഒന്നാമത്. ഒപിജി സിഇഒ നിക്കോൾ ബുച്ചർ (1,596,218 ഡോളർ), ചീഫ് ന്യൂക്ലിയർ ഓഫീസർ സ്റ്റീവ് ഗ്രിഗോറിസ് (1,092,854 ഡോളർ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ആദ്യ അഞ്ച് ഉദ്യോഗസ്ഥരും ഒപിജിയിൽ നിന്നുള്ളവരാണെന്ന് പട്ടിക വ്യക്തമാക്കുന്നു. പ്രീമിയർ ഡഗ് ഫോർഡ് (2,69,567 ഡോളർ), ടൊറന്റോ മേയർ ഒലീവിയ ചൗ (2,40,349 ഡോളർ), ടൊറന്റോ പോലീസ് ചീഫ് മൈറോൺ ഡെംകിവ് (4,45,366 ഡോളർ) എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖർ. ടൊറന്റോ പോലീസ് സർവീസിലെ 7,083 ഉദ്യോഗസ്ഥർ ഇത്തവണ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത് 2024-ൽ 6,114 ആയിരുന്നു. മെട്രോലിങ്ക്സ് സിഇഒ മൈക്കൽ ലിൻഡ്സെ 3,27,439 ഡോളറും പീൽ റീജിയണൽ പോലീസ് ചീഫ് നിഷാൻ ദുരൈയപ്പ 6,04,449 ഡോളറും ശമ്പളം കൈപ്പറ്റി.
മുൻകാല പ്രാബല്യത്തോടെയുള്ള കുടിശ്ശിക തീർപ്പാക്കൽ, പുതിയ തൊഴിൽ കരാറുകൾ തുടങ്ങിയവയാണ് ശമ്പള വർധനവിന് കാരണമായതെന്ന് ട്രഷറി ബോർഡ് പ്രസിഡന്റ് കരോലിൻ മൾറോണി അറിയിച്ചു. പട്ടികയിലുള്ള പകുതിയിലധികം പേരും സ്കൂൾ ബോർഡുകൾ, ആശുപത്രികൾ, പൊതുജനാരോഗ്യ ബോർഡുകൾ എന്നിവയിൽ നിന്നുള്ള നഴ്സുമാരും അധ്യാപകരുമാണെന്നും അവർ വ്യക്തമാക്കി. നഗരസഭകളിലെ ജീവനക്കാരുടെ എണ്ണത്തിലുണ്ടായ വർധനവാണ് പട്ടികയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചതെന്നും വിലയിരുത്തലുണ്ട്.
1996-ൽ ആരംഭിച്ച ഈ പട്ടികയിലെ വരുമാന പരിധി നിലവിലെ പണപ്പെരുപ്പത്തിനനുസരിച്ച് പരിഷ്കരിച്ചിട്ടില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. 1996-ലെ ഒരു ലക്ഷം ഡോളർ ഇന്നത്തെ 1,85,000 ഡോളറിന് തുല്യമാണെന്ന് ബാങ്ക് ഓഫ് കാനഡയുടെ കണക്കുകൾ ചൂണ്ടിക്കാട്ടി അസോസിയേഷൻ ഓഫ് മാനേജ്മെന്റ് (AMAPCEO) പ്രസിഡന്റ് ഡേവ് ബൾമർ പ്രസ്താവനയിറക്കി. പട്ടികയുടെ മാനദണ്ഡം 1,85,000 ഡോളറായി ഉയർത്തണമെന്നും അല്ലാത്തപക്ഷം സാധാരണ ജീവനക്കാരെയും ഇത് ബാധിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1996-ൽ 4,502 പേർ മാത്രമുണ്ടായിരുന്ന പട്ടികയിൽ ഇന്ന് അതിന്റെ 400 മടങ്ങ് ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്.
Ontario Sunshine List out; OPG officers top highest paid employees
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



