കൊച്ചി: കുവൈത്തിലേക്കും സൗദിയിലേക്കുമുള്ള നഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ള 150 പേരടങ്ങുന്ന സംഘം കൊച്ചി വിമാനത്താവളത്തിൽ നിന്നും യാത്ര തിരിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) കുവൈത്ത് – സൗദി ഘടകങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പ്രത്യേക ജസീറ എയർവേഴ്‌സ് വിമാനത്തിലാണ് സംഘം ദമാമിലേക്ക് പുറപ്പെട്ടത്.
കുവൈത്തിലേക്ക് നേരിട്ട് വിമാന സർവീസുകൾ ഇല്ലാത്തതിനാലാണ് യാത്രക്കാർക്കായി സംഘടന ചാർട്ടേഡ് വിമാനം ഒരുക്കിയത്. അവധിക്ക് നാട്ടിലെത്തി മടങ്ങിപ്പോകാൻ കഴിയാത്തവർക്കും, പുതുതായി ജോലി ലഭിച്ചിട്ടും യാത്രാ തടസ്സം നേരിട്ടവർക്കുമാണ് ഈ സൗകര്യം പ്രയോജനപ്പെട്ടത്. 150 നഴ്‌സുമാരും മൂന്ന് കുട്ടികളും മറ്റ് കുടുംബാംഗങ്ങളുമാണ് സംഘത്തിലുള്ളത്. വൈകുന്നേരം ഏഴ് മണിയോടെ കൊച്ചിയിൽ നിന്നും പുറപ്പെട്ട വിമാനം സൗദിയിലെ ദമാമിലാണ് ഇറങ്ങുക.
ദമാമിൽ എത്തുന്ന യാത്രക്കാരെ അവിടെ നിന്നും റോഡ് മാർഗ്ഗം കുവൈത്തിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങളും സംഘടന പൂർത്തിയാക്കിയിട്ടുണ്ട്. യുഎൻഎ കുവൈത്ത്, സൗദി ഘടകങ്ങളിലെ ഭാരവാഹികളാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. കേന്ദ്ര സർക്കാരിന്റെയും സൗദി, കുവൈത്ത് സർക്കാരുകളുടെയും പ്രത്യേക അനുമതിയോടെയാണ് ഈ യാത്ര സാധ്യമായതെന്ന് സംഘാടകർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
UNA helps in travel crisis; Special flight with nurses from Kochi to Dammam




