വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിലെ അമേരിക്കയുടെ സൈനിക സാന്നിധ്യത്തിന് കനത്ത തിരിച്ചടിയേൽപിച്ച ഈ നീക്കത്തിൽ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്കും അത്യാധുനിക യുദ്ധവിമാനങ്ങൾക്കും കാര്യമായ തകരാറുകൾ സംഭവിച്ചതായാണ് വിവരം. ഗൾഫ് രാജ്യങ്ങളിലെയും ജോർദാനിലെയും പ്രധാന വ്യോമത്താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ഈ സൈനിക നീക്കം.
ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിലായി കുറഞ്ഞത് 17 സൈനിക കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. ബഹ്‌റൈനിലെ യുഎസ് അഞ്ചാം ഫ്ലീറ്റ് ആസ്ഥാനം, ഖത്തറിലെ അൽ ഉദൈദ് എയർ ബേസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. യുദ്ധം തുടങ്ങി ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ഏകദേശം 800 ദശലക്ഷം ഡോളറിന്റെ നഷ്ടം സംഭവിച്ചതായാണ് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (സി.എസ്.ഐ.എസ്) വ്യക്തമാക്കുന്നത്. റഡാർ സംവിധാനങ്ങൾ, സാറ്റലൈറ്റ് ടെർമിനലുകൾ എന്നിവ തകർന്നത് അമേരിക്കയുടെ മിസൈൽ പ്രതിരോധ കവചത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഒരുപോലെ നാശവും സാമഗ്രി നഷ്ടവും ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എം.ക്യു-9 റീപ്പർ ഡ്രോണുകൾ, എഫ്-15 യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 16 വിമാനങ്ങൾക്ക് നാശം നേരിട്ടു. കൂടാതെ, അമേരിക്കയുടെ അത്യാധുനിക വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡിലെ തീപിടുത്തത്തെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി കപ്പൽ മാറ്റേണ്ടി വന്നതും പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
US suffers setback; Iran attack causes massive damage to US military bases, report says




