വിനിപെഗ്: മാനിറ്റോബയിലെ വയോജന കേന്ദ്രങ്ങളിൽ (Seniors’ Homes) താമസിക്കുന്നവർക്ക് പോഷകഗുണമുള്ള ഭക്ഷണവും മികച്ച ആരോഗ്യവും ഉറപ്പാക്കാൻ 5 മില്യൺ ഡോളർ അനുവദിച്ച് പ്രവിശ്യാ സർക്കാർ. 2026-ലെ ബജറ്റിലാണ് ഈ സുപ്രധാന പ്രഖ്യാപനമുള്ളത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇതാദ്യമായാണ് പേഴ്സണൽ കെയർ ഹോമുകളിലെ (PCH) ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി ഇത്തരമൊരു പ്രത്യേക ഫണ്ട് സർക്കാർ വകയിരുത്തുന്നത്.
സംസ്കരിച്ച ഭക്ഷണങ്ങൾ (Processed foods) പരമാവധി ഒഴിവാക്കി, പുതിയ പഴവർഗങ്ങൾ, പച്ചക്കറികൾ, ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ വയോജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമെന്ന് ധനമന്ത്രി അഡ്രിയാൻ സാല വ്യക്തമാക്കി. മികച്ച പോഷകാഹാരം നൽകുന്നത് മുതിർന്ന പൗരന്മാരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുമെന്ന് ‘ദി കീ ഹോം കെയർ’ (TheKey Home Care) ജനറൽ മാനേജർ ഡെന്നിസ് ഫാൻസി പ്രതികരിച്ചു. പ്രായമാകുമ്പോൾ രുചിയറിയാനുള്ള കഴിവ് സ്വാഭാവികമായും കുറയുമെന്നതിനാൽ, ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിക്കും താല്പര്യങ്ങൾക്കും അനുസരിച്ച് ഭക്ഷണക്രമം ചിട്ടപ്പെടുത്തുന്നത് പദ്ധതി കൂടുതൽ ഫലപ്രദമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയോജനങ്ങൾക്ക് മാന്യമായ ജീവിതസൗകര്യവും മികച്ച ഭക്ഷണവും ഉറപ്പാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യ-വയോജനക്ഷേമ മന്ത്രി ഉസോമ അസഗ്വാര പറഞ്ഞു. ഭക്ഷണം എന്നത് കേവലം പോഷകാഹാരം മാത്രമല്ലെന്നും, അത് അവരുടെ മാനസിക ഉല്ലാസത്തിനും പരസ്പര ബന്ധങ്ങൾക്കും വലിയ പങ്കുവഹിക്കുന്നുണ്ടെന്നും, മികച്ച പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Manitoba budget makes $5 million investment in food for seniors' centers



