ഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന യുഎസ് – ഇറാൻ യുദ്ധം ആഗോളതലത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ നേരിടാൻ രാജ്യം സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊർജ്ജ വിതരണ ശൃംഖലയിലെ തടസ്സങ്ങളും വിലക്കയറ്റവും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാജ്യസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡ് കാലത്തെ പ്രതിസന്ധികളെ രാജ്യം ഒരേ മനസോടെ നേരിട്ടതുപോലെ, നിലവിലെ സാഹചര്യത്തെയും ടീം ഇന്ത്യയായി നേരിടണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. യുദ്ധസാഹചര്യത്തിൽ തൊഴിലാളികളെയും സാധാരണക്കാരെയും ബാധിക്കുന്ന പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ സംസ്ഥാന സർക്കാരുകൾ കർശന നടപടി സ്വീകരിക്കണം. കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ധനം, വളം, വിതരണ ശൃംഖല എന്നിവയിലെ തടസ്സങ്ങൾ നീക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമായി ഏഴ് പ്രത്യേക ഉന്നതാധികാര സമിതികൾക്ക് രൂപം നൽകിയതായും പ്രധാനമന്ത്രി അറിയിച്ചു.
യുദ്ധമേഖലയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സംഘർഷം ആരംഭിച്ചതുമുതൽ ഇതുവരെ 3,75,000 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഇറാനിൽ നിന്ന് മാത്രം 1,000 പേർ മടങ്ങിയെത്തി. ഇതിൽ 700 ഓളം പേർ അവിടെ വൈദ്യശാസ്ത്ര പഠനം നടത്തിയിരുന്ന വിദ്യാർത്ഥികളാണ്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾക്കിടയിലും നയതന്ത്ര ഇടപെടലുകളിലൂടെ ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആവശ്യത്തിന് ക്രൂഡ് ഓയിൽ കരുതലുണ്ടെന്ന് പ്രധാനമന്ത്രി ജനങ്ങൾക്ക് ഉറപ്പുനൽകി. തടസ്സമില്ലാത്ത ഇന്ധന ലഭ്യതയ്ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.രാജ്യത്തെ തന്ത്രപ്രധാന എണ്ണശേഖരം (Strategic Petroleum Reserves) 53 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 65 ലക്ഷം മെട്രിക് ടണ്ണായി ഉയർത്താൻ നടപടി തുടങ്ങി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ധന ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 27-ൽ നിന്ന് 41 ആയി വർദ്ധിപ്പിച്ചു.
ഒരൊറ്റ മേഖലയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കി ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ചതാണ് രാജ്യാന്തര വിപണിയിലെ തടസ്സങ്ങൾക്കിടയിലും ഇന്ത്യക്ക് കരുത്താവുന്നത്. പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതിവാതക വിതരണവും എൽപിജി ശൃംഖലയും കൂടുതൽ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകസമാധാനത്തിനായി ചർച്ചകളിലൂടെയുള്ള പരിഹാരത്തിനാണ് ഇന്ത്യ എപ്പോഴും നിലകൊള്ളുന്നതെന്നും പ്രധാനമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
We must stand united like during Covid times.



