ഒന്റാറിയോ: ഒന്റാറിയോയിലെ ഹൈസ്കൂൾ ഡിപ്ലോമയ്ക്ക് ഇ-ലേണിംഗ് നിർബന്ധമാക്കി ആറ് വർഷം പിന്നിടുമ്പോൾ, പദ്ധതിയുടെ ലക്ഷ്യങ്ങൾ പൂർണ്ണമായി നടപ്പിലാകുന്നില്ലെന്ന് സിബിസി ന്യൂസ് നടത്തിയ എൻറോൾമെന്റ് ഡാറ്റ വിശകലനം വ്യക്തമാക്കുന്നു. പുതിയ കോഴ്സുകൾ പരിചയപ്പെടാനും ഡിജിറ്റൽ സാക്ഷരത നേടാനുമാണ് ഇ-ലേണിംഗ് കൊണ്ടുവന്നതെങ്കിലും, ഭൂരിഭാഗം വിദ്യാർത്ഥികളും ഇത് ഉപയോഗിക്കുന്നത് നിർബന്ധിത വിഷയങ്ങൾ പഠിക്കാനോ ഉയർന്ന മാർക്ക് നേടാനോ ആണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർവകലാശാല പ്രവേശനത്തിന് ഉയർന്ന ഗ്രേഡുകൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ, ഓൺലൈൻ ക്ലാസുകൾ എളുപ്പമാണെന്ന ധാരണയാണ് ഈ പ്രവണതയ്ക്ക് പിന്നിലെന്ന് വിദ്യാഭ്യാസ വിദഗ്ധർ വിലയിരുത്തുന്നു.
2024-25 അധ്യയന വർഷത്തിൽ ഏകദേശം 23,000 വിദ്യാർത്ഥികൾ പങ്കെടുത്ത ‘സിവിക്സ് ആൻഡ് സിറ്റിസൺഷിപ്പ്’ ആണ് ഏറ്റവും ജനപ്രിയമായ ഓൺലൈൻ കോഴ്സ്. ഇംഗ്ലീഷ്, കണക്ക്, ബയോളജി, കെമിസ്ട്രി തുടങ്ങിയ പ്രധാന വിഷയങ്ങളിലും ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഓൺലൈനായി ചേരുന്നുണ്ട്. പരമ്പരാഗത ക്ലാസ് മുറികളിലെ പ്രായോഗിക പഠനത്തിന് പകരമാകില്ല ഇ-ലേണിംഗ് എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് ശാസ്ത്ര വിഷയങ്ങളിൽ ലാബ് പരീക്ഷണങ്ങൾ നേരിട്ട് ചെയ്യാത്തത് ഉന്നത പഠനത്തിൽ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകുമെന്ന് എഡ്യൂക്കേഷൻ കൺസൾട്ടന്റ് മോണിക്ക ഫെറൻസി വ്യക്തമാക്കി.
മാർക്ക് വർദ്ധിപ്പിക്കാനുള്ള എളുപ്പവഴിയായി വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തെ കാണുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഇ-ലേണിംഗിലെ ഗ്രേഡ് ഇൻഫ്ലേഷൻ (മാർക്ക് അമിതമായി നൽകുന്ന രീതി) സംബന്ധിച്ച് അധ്യാപകരിൽ നിന്നും സർവകലാശാലകളിൽ നിന്നും പരാതികൾ ലഭിക്കുന്നുണ്ടെന്നും ഇത് പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പോൾ കലന്ദ്ര അറിയിച്ചു. എന്നാൽ, സർവകലാശാല പ്രവേശനത്തിനുള്ള കടുത്ത മത്സരമാണ് ഇത്തരം പ്രവണതകളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതെന്ന് ടൊറന്റോ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ബെയ്ഹാൻ ഫർഹാദി വിലയിരുത്തി. നിലവിൽ രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ വിദ്യാർത്ഥികൾക്ക് ഇ-ലേണിംഗ് ഒഴിവാക്കാനുള്ള അവസരവും ഒന്റാറിയോ സർക്കാർ നൽകുന്നുണ്ട്.
Ontario e-learning: Not for knowledge, but for grades; Experts express concern
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



