ഒട്ടാവ : മാർച്ച് മാസം തട്ടിപ്പ് വിരുദ്ധ മാസമായി (Fraud Prevention Month) ആചരിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ബെറ്റർ ബിസിനസ് ബ്യൂറോ (BBB) ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഓൺലൈൻ പർച്ചേസ് തട്ടിപ്പ്, തൊഴിൽ തട്ടിപ്പ്, ഫിഷിംഗ് എന്നിവയാണ് നിലവിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്നതെന്ന് ബിബിബി റീജനൽ ഡയറക്ടർ വിക്ത പൗലോ വ്യക്തമാക്കി. സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെ ആകർഷകമായ വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന രീതിക്കെതിരെ ജാഗ്രത വേണമെന്ന് അദ്ദേഹം അറിയിച്ചു. ക്രിപ്‌റ്റോ കറൻസി വഴിയോ ഇ-ട്രാൻസ്ഫർ വഴിയോ ഉള്ള പേയ്‌മെന്റുകൾ ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ലക്ഷണമാണെന്നും വിക്ത പൗലോ കൂട്ടിച്ചേർത്തു.
കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വ്യാജ തൊഴിൽ പരസ്യങ്ങൾ നൽകിയുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായും യുവാക്കൾക്കിടയിൽ ഇത് 14 ശതമാനത്തിന് മുകളിലായും ഉയർന്നിട്ടുണ്ട്. കുറഞ്ഞ ജോലിക്ക് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾ ശ്രദ്ധിക്കണമെന്ന് ബിബിബി വ്യക്തമാക്കി. പരിശീലനത്തിനെന്ന പേരിൽ മുൻകൂട്ടി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ സൂചനയാണ്. തൊഴിൽ അപേക്ഷകളിലൂടെ ഉദ്യോഗാർത്ഥികളുടെ ബാങ്ക് വിവരങ്ങളും ഇൻഷുറൻസ് നമ്പറുകളും കൈക്കലാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായും ബിബിബി അറിയിച്ചു.
ബാങ്കുകൾ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ലിങ്കുകൾ അയച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന ഫിഷിംഗ് രീതിക്കെതിരെയും ജാഗ്രത വേണമെന്ന് നിർദ്ദേശമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നതിനാൽ ഇത്തരം തട്ടിപ്പുകൾ തിരിച്ചറിയുക പ്രയാസമാണെന്ന് വിക്ത പൗലോ ചൂണ്ടിക്കാട്ടി. ബാങ്കുകൾ ഒരിക്കലും ഫോൺ വഴിയോ സന്ദേശങ്ങൾ വഴിയോ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ ഔദ്യോഗിക നമ്പറിൽ ബന്ധപ്പെട്ട് സ്ഥിരീകരിക്കണം. തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ബിബിബിയുടെ ‘സ്കാം ട്രാക്കർ’ വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
Online fraud: You need to know these 3 traps! BBB warns
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



