ഓട്ടവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് രാജ്യത്തിന് മേൽ കനത്ത തീരുവ നിലവിൽ വന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി സ്വീകരിച്ച നിലപാടിന് പിന്തുണയുമായി പ്രീമിയർമാർ. കാനഡയിലെ പ്രധാന വ്യവസായങ്ങളെയും രാജ്യത്തിന്റെ പരമാധികാരത്തെയും സംരക്ഷിക്കാൻ കാർണിയുടെ തീരുമാനം അത്യാവശ്യമായിരുന്നുവെന്ന് പ്രീമിയർമാർ വ്യക്തമാക്കി. ഓട്ടവയിൽ മാധ്യമങ്ങളോട് സംസാരിച്ച പ്രധാനമന്ത്രി, കാനഡയ്ക്ക് മുന്നിൽ മറ്റ് വഴികളില്ലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു.
പ്രവിശ്യാ പ്രീമിയർമാരുടെ പിന്തുണ
യു.എസ്. പ്രഖ്യാപിച്ച വ്യാപാര നിബന്ധനകൾ അംഗീകരിക്കാനാകില്ലെന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തെ സസ്കാച്വാൻ, മാനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളിലെ പ്രീമിയർമാർ പൂർണമായി പിന്തുണച്ചു. അമേരിക്കയുടേത് കാനഡയ്ക്ക് മേലുള്ള “സാമ്പത്തിക ആക്രമണമാണെന്ന്” ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി പ്രതികരിച്ചു. അതേസമയം, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കരുതി ഇരുരാജ്യങ്ങളും വീണ്ടും ചർച്ചകൾ പുനരാരംഭിക്കണമെന്നാണ് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് അഭിപ്രായപ്പെട്ടത്.
Also Read: ആൽബർട്ട സ്വതന്ത്ര രാജ്യമായാൽ എന്തൊക്കെ മാറും? മാതൃക പുറത്തുവിട്ട് പ്രോസ്പെരിറ്റി പ്രോജക്ട്
ചർച്ചകൾ തകർന്നു; തിരിച്ചടിയായി പുതിയ തീരുവ
കാനഡയിൽ നിന്നുള്ള 28 ബില്യൺ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം തീരുവ ശനിയാഴ്ച അർധരാത്രി മുതലാണ് പ്രാബല്യത്തിൽ വന്നത്. മൂന്ന് ദിവസത്തെ ചർച്ചകൾ പരാജയപ്പെട്ടതോടെ കാനഡ പ്രതികാര തീരുവകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ ലേബർ ഡേയ്ക്ക് ശേഷമേ നിലവിൽ വരൂ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ തർക്കം നിലവിൽ വിപണിയെയും ഇറക്കുമതി മേഖലയെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
'Cannot give up the country'; Premiers join forces with Carnick over US sanctions.





