ഒട്ടാവ : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിഭാവനം ചെയ്ത ആണവ പ്രതിരോധ നയത്തിന്റെ ഭാഗമാകാൻ ബ്രിട്ടൻ, ജർമ്മനി, പോളണ്ട് ഉൾപ്പെടെ എട്ട് യൂറോപ്യൻ രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യയിൽ നിന്നുള്ള ഭീഷണിക്ക് പുറമെ, നാറ്റോ സഖ്യകക്ഷികളോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്ന കർശന നിലപാടുകളും ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന അമേരിക്കൻ ഭീഷണിയുമാണ് ഈ രാജ്യങ്ങളെ പുതിയ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ഫ്രാൻസിന്റെ ആണവ കുടക്കീഴിൽ വരുന്നത് സുരക്ഷ ഉറപ്പാക്കുമെന്നാണ് ഈ രാജ്യങ്ങളുടെ വിലയിരുത്തൽ.
നിലവിലെ സാഹചര്യത്തിൽ സ്വന്തമായി ആണവായുധങ്ങൾ നിർമ്മിക്കാൻ കാനഡയ്ക്ക് പദ്ധതിയില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ഓസ്ലോയിൽ വ്യക്തമാക്കി. ഫ്രാൻസിന്റെ പുതിയ നീക്കത്തെ നാറ്റോയുടെയും യൂറോപ്യൻ സുരക്ഷയുടെയും കാഴ്ചപ്പാടിൽ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ഇത് കാനഡയെ നേരിട്ട് ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. നോർഡിക് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കാർണിയുടെ പ്രതികരണം. ഡെന്മാർക്ക് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഫ്രാൻസുമായി ചർച്ചകൾ തുടരുകയാണ്.
അമേരിക്ക ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ കാനഡ സൈനികമായി ഇടപെടുമോ എന്ന ചോദ്യത്തിന് രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക ഭദ്രതയും ഉയർത്തിപ്പിടിക്കുമെന്ന് പ്രധാനമന്ത്രി മറുപടി നൽകി. ഗ്രീൻലൻഡിന്റെയും ഡെന്മാർക്കിന്റെയും ഭാവി തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണെന്നും ആവശ്യമായ നടപടികളിലൂടെ കാനഡ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഫ്രഞ്ച് ആണവ പ്രതിരോധ നയത്തിൽ കാനഡ പങ്കുചേരുന്നത് വാഷിംഗ്ടണുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഫ്രാൻസിന്റെ പക്കൽ നിലവിൽ 300 ആണവ ആയുധശേഖരമാണുള്ളത്. പുതിയ പ്രതിരോധ നയത്തിന്റെ ഭാഗമായി ആണവ അന്തർവാഹിനികൾ പുതുക്കാനും മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാനും മാക്രോൺ പദ്ധതിയിടുന്നുണ്ട്. എന്നാൽ ഫ്രാൻസിന്റെയും ബ്രിട്ടന്റെയും ആണവ ശേഷി ഉപയോഗിച്ച് അമേരിക്കയുടെ സുരക്ഷാ ഗ്യാരണ്ടിക്ക് പകരമാകാൻ കഴിയില്ലെന്ന് റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയ്ക്കും റഷ്യയ്ക്കും പതിനായിരക്കണക്കിന് ആണവായുധങ്ങൾ ഉള്ളപ്പോൾ ഫ്രാൻസിന്റെ ശേഷി പരിമിതമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കാനഡ സ്വന്തമായി ആണവായുധ പദ്ധതി ആരംഭിക്കുന്നത് അമേരിക്കയുടെ മുൻകരുതൽ നടപടികൾക്ക് കാരണമായേക്കാമെന്ന് പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ജൂലിയൻ സ്പെൻസർ ചർച്ചിൽ നിരീക്ഷിക്കുന്നു. അത്തരമൊരു നീക്കം കാനഡയിൽ അമേരിക്കൻ ഇടപെടലിന് വഴിതുറക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫ്രഞ്ച് സൈന്യം ഗ്രീൻലൻഡിൽ അടുത്തിടെ നടത്തിയ സൈനിക അഭ്യാസങ്ങൾ ഡെന്മാർക്കിനുള്ള പിന്തുണയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വരും മാസങ്ങളിൽ ഫ്രഞ്ച് ആണവ നയത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതോടെ കാനഡയുടെ നിലപാടിലും വ്യക്തത വരുമെന്നാണ് കരുതുന്നത്.
French nuclear defense policy: Canada urged to join European countries’ move
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



