ഒന്റാറിയോ: വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ട്രാവൽ ഇൻഷുറൻസ് എടുക്കുന്നതിൽ വരുത്തുന്ന വീഴ്ച എത്രത്തോളം വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിന് ഉദാഹരണമായി കാനഡയിൽ നിന്നൊരു വാർത്ത. യുഎസിൽ നിന്നും കാനഡയിലുള്ള മക്കളെ സന്ദർശിക്കാനെത്തിയ എൺപതുകാരിക്ക് അപ്രതീക്ഷിതമായി ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സാ ബില്ലായി നൽകേണ്ടി വന്നത് 1,10,000 കനേഡിയൻ ഡോളറിലധികം (ഏകദേശം 92 ലക്ഷം ഇന്ത്യൻ രൂപ).
അറ്റ്ലാന്റയിൽ താമസിക്കുന്ന ബീഗം ബഷീറൻ എന്ന വയോധികയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഒക്ടോബറിൽ കാനഡയിലെ വിറ്റ്ബിയിലുള്ള മകൻ നവീദ് സഫറിനെയും വാട്ടർലൂവിലുള്ള മകളെയും സന്ദർശിക്കാനെത്തിയതായിരുന്നു ബഷീറൻ. സന്ദർശനത്തിനിടെ പെട്ടെന്നുണ്ടായ പക്ഷാഘാതത്തെ (Stroke) തുടർന്ന് ഇവരെ വാട്ടർലൂ റീജിയണൽ ഹെൽത്ത് നെറ്റ്വർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ആഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിലുൾപ്പെടെ ഇവർക്ക് ചികിത്സ തേടേണ്ടി വന്നു. നിലവിൽ ഇവർ സുഖം പ്രാപിച്ച് അറ്റ്ലാന്റയിലേക്ക് മടങ്ങിയെങ്കിലും, ആശുപത്രി നൽകിയ ഭീമമായ ബില്ല് എങ്ങനെ അടച്ചുതീർക്കും എന്ന ആശങ്കയിലാണ് കുടുംബം.

അമ്മയുടെ ജീവൻ രക്ഷിക്കുന്നതിനായിരുന്നു താൻ മുൻഗണന നൽകിയതെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ഒപ്പിട്ടുനൽകിയ രേഖകളിലെ ചികിത്സാ ചിലവുകളെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും നവീദ് സഫർ പറയുന്നു. ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തപ്പോൾ 1,10,000 ഡോളറിന്റെ ബില്ലാണ് ആശുപത്രി അധികൃതർ നൽകിയത്. ചില ഇളവുകൾ നൽകിയതിന് ശേഷം ഇത് 1,00,852 ഡോളറായി കുറഞ്ഞു. ഇതിനോടകം 55,000 ഡോളർ (ഏകദേശം 46 ലക്ഷം രൂപ) കുടുംബം അടച്ചു കഴിഞ്ഞു.

ബാക്കി തുക കണ്ടെത്താൻ മറ്റു മാർഗങ്ങളില്ലാതെ കുഴങ്ങുകയാണ് ഈ പ്രവാസി കുടുംബം. കാനഡയിലെ സ്ഥിരതാമസക്കാരല്ലാത്തവർ രാജ്യം സന്ദർശിക്കുമ്പോൾ നിർബന്ധമായും ‘വിസിറ്റർ ടു കാനഡ’ (Visitor to Canada) ഇൻഷുറൻസ് എടുക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നെങ്കിൽ ഇത്രയും വലിയൊരു തുക കുടുംബത്തിന് നേരിട്ട് വഹിക്കേണ്ടി വരുമായിരുന്നില്ല. വിദേശയാത്രകളിൽ ഇൻഷുറൻസ് ഒരു അധിക ചിലവല്ല, മറിച്ച് അപ്രതീക്ഷിതമായി എത്തിയേക്കാവുന്ന വലിയ ബാധ്യതകൾക്കെതിരെയുള്ള മുൻകരുതലാണെന്ന് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.
us-woman-visiting-family-in-canada-hit-with-over-100k-bill-after-being-hospitalized
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



