സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിൽ വാടകയും ഭക്ഷണസാധനങ്ങളുടെ വിലയും അമിതമായി വർധിച്ചതോടെ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ‘ഫുഡ് ബാങ്ക്സ് കാനഡ’ പുറത്തുവിട്ട 2025-ലെ ഹംഗർ കൗണ്ട് റിപ്പോർട്ടിലാണ് ഈ ആശങ്കാജനകമായ കണക്കുകളുള്ളത്. കാനഡയിലെ ശരാശരി വർധനയേക്കാൾ (5.15%) ഉയർന്ന നിരക്കാണ് ഈ പ്രവിശ്യയിൽ ദൃശ്യമാകുന്നത്. സ്ഥിരവരുമാനമുള്ള ജോലി ചെയ്യുന്ന കുടുംബങ്ങൾ പോലും ദൈനംദിന ആവശ്യങ്ങൾക്കായി ഇപ്പോൾ സൗജന്യ ഭക്ഷണശാലകളെ സമീപിക്കേണ്ട അവസ്ഥയിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, പൂർണ്ണസമയ ജോലി ഉള്ളവരും ജീവിതച്ചെലവ് താങ്ങാനാവാതെ സഹായം തേടിയെത്തുന്നു എന്നതാണ് പുതിയ പ്രവണതയെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. സെന്റ് ജോൺസിലെ സിംഗിൾ പേരെന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡാനിയേൽ സെവാർഡ് പറയുന്നതനുസരിച്ച്, കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് ഇത്തരക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായത്. മുൻപ് സാമ്പത്തിക ഭദ്രതയുണ്ടായിരുന്നവർ പോലും ഇപ്പോൾ സഹായത്തിനായി വരുന്നത് കടുത്ത ലജ്ജയോടെയാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ക്യുബെക് തുടങ്ങിയ മേഖലകളിലും സമാനമായ രീതിയിൽ ജോലി ഉള്ളവർ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്ന സാഹചര്യം നിലവിലുണ്ട്.
വൈദ്യുതി നിരക്കിലെയും വാടകയിലെയും വർധനവാണ് സാധാരണക്കാരുടെ ബജറ്റ് താളം തെറ്റിക്കുന്നത്. 2025 ജൂലൈയിൽ വൈദ്യുതി നിരക്ക് ഏഴു ശതമാനം വർധിച്ചതും ശൈത്യകാലത്തെ ഉയർന്ന ഹീറ്റിംഗ് ബില്ലുകളും ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു. കൂടാതെ, സെന്റ് ജോൺസ് നഗരത്തിൽ അപ്പാർട്ട്മെന്റ് വാടകയിൽ പ്രതിമാസം 100 ഡോളറിന്റെ വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുമാനത്തേക്കാൾ വേഗത്തിൽ ചെലവ് കൂടുന്നതിനാൽ ഭക്ഷണത്തിനുള്ള തുക വെട്ടിക്കുറയ്ക്കാൻ ആളുകൾ നിർബന്ധിതരാകുന്നു. ഈ സാഹചര്യം നേരിടാൻ ഫെഡറൽ-പ്രവശ്യ സർക്കാരുകളുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് സാമൂഹിക പ്രവർത്തകരുടെ ആവശ്യം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Cost of living soars; Newfoundland sees huge increase in people relying on food banks



