സെന്റ് ജോൺസ്: അതിശക്തമായ മഞ്ഞുവീഴ്ചയും മഴയും ഇടിമിന്നലും ഉൾപ്പെടെ പ്രവചനാതീതമായ കാലാവസ്ഥാ മാറ്റങ്ങളിലൂടെയാണ് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ ഇപ്പോൾ കടന്നുപോകുന്നത്. അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. കാലാവസ്ഥ അതീവ അപകടകരമായി തുടരുന്ന സാഹചര്യത്തിൽ പ്രവിശ്യയിലുടനീളം 25 ഓളം പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ എൻവയോൺമെന്റ് കാനഡ പുറപ്പെടുവിച്ചു.
വ്യാഴാഴ്ച രാത്രിയോടെ ഭൂരിഭാഗം പ്രദേശങ്ങളിലും തണുത്തുറഞ്ഞ മഴ (Freezing rain) ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. കനത്ത മഞ്ഞുവീഴ്ചയെയും കാറ്റിനെയും തുടർന്ന് കോർണർ ബ്രൂക്ക്, സ്റ്റീഫൻവിൽ, അവലോൺ പെനിൻസുല തുടങ്ങിയ ഇടങ്ങളിലെ വിദ്യാലയങ്ങൾ അടച്ചുപൂട്ടി. 15 മില്ലിമീറ്റർ വരെ കനത്തിൽ ഐസ് പാളികൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അവലോൺ പെനിൻസുലയിൽ മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. തെക്കൻ തീരപ്രദേശങ്ങളിൽ 100 മില്ലിമീറ്റർ വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താപനിലയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ ശക്തമായ മഴയും തുടർന്ന് വീണ്ടും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നാണ് പ്രവചനം. വരും ദിവസങ്ങളിലും കാലാവസ്ഥ മോശമായി തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Strong winds and snowfall in Newfoundland; 25 weather advisories issued



