അബുദാബി: യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി പ്രത്യേക സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അബുദാബിയിലെ ഇന്ത്യൻ എംബസി. സുരക്ഷാ സംവിധാനങ്ങളുടെയോ വിലക്കപ്പെട്ട മേഖലകളുടെയോ ചിത്രങ്ങൾ പകർത്തുന്നതും അവ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതും കടുത്ത നിയമനടപടികൾക്ക് കാരണമാകുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രത്യേകിച്ച് അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് ദൃശ്യങ്ങൾ പകർത്താനോ പ്രചരിപ്പിക്കാനോ ശ്രമിക്കരുത്. ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചാലുടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. സംശയകരമായ വസ്തുക്കളോ സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അവയിൽ തൊടാൻ ശ്രമിക്കാതെ ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നും എംബസി നിർദ്ദേശിച്ചു.
വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ അനുമതിയില്ലാതെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഎഇ ഭരണകൂടം നൽകുന്ന എല്ലാ സുരക്ഷാ നിയമങ്ങളും ഇന്ത്യൻ പൗരന്മാർ കൃത്യമായി പാലിക്കണം. നിയമലംഘനങ്ങൾ ഒഴിവാക്കാൻ ഓരോരുത്തരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും എംബസി ഓർമ്മിപ്പിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Do not take pictures at dangerous places; Caution issued to Indian citizens in UAE



