കാംബ്രിഡ്ജ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത യന്ത്രങ്ങൾക്കായുള്ള ആഗോള മത്സരം ശക്തമാകുന്ന സാഹചര്യത്തിൽ, ഹ്യൂമനോയിഡ് റോബോട്ടുകളുടെ ഉത്പാദനം വൻതോതിൽ വർധിപ്പിക്കാൻ ഒരുങ്ങുകയാണ് മിർസി റോബോട്ടിക്സ്. കാനഡയിൽ നിർമ്മിച്ച തങ്ങളുടെ മൂന്നാം തലമുറ റോബോട്ടായ ‘MH3’ നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്നും അടുത്ത വർഷം മുതൽ ഇവ വിപണിയിലെത്തിക്കുമെന്നും കമ്പനി സി.ഇ.ഒ താരെക് റഹീം അറിയിച്ചു. ലോകമെമ്പാടും റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് കാനഡയിലെ ഈ തദ്ദേശീയ കമ്പനിയുടെ നീക്കം.
ഗോദാമുകളിലും ഫാക്ടറികളിലും മനുഷ്യർക്ക് പകരമായി ജോലി ചെയ്യാൻ ശേഷിയുള്ളവയാണ് മിർസി നിർമ്മിക്കുന്ന MH3 റോബോട്ടുകൾ. നിലവിൽ ചൈനീസ് കമ്പനികൾ ഈ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും, തദ്ദേശീയമായ സാങ്കേതികവിദ്യയിലൂടെ അവരെ മറികടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബാറ്ററി ആയുസ്സ് വർധിപ്പിക്കുന്നതിനായി ചക്രങ്ങളിൽ സഞ്ചരിക്കുന്ന രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്യാമറ സംവിധാനമുപയോഗിച്ച് വസ്തുക്കൾ തിരിച്ചറിയാനും അവ തരംതിരിക്കാനും സാധിക്കുന്ന ഈ റോബോട്ടുകൾക്ക് വോയ്‌സ് കമാൻഡുകൾ അനുസരിക്കാനുള്ള ശേഷിയുമുണ്ട്.
നിലവിൽ രണ്ട് റോബോട്ടുകൾ മാത്രമുള്ള കമ്പനി ഈ വർഷം ആറെണ്ണം കൂടി നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി അടുത്ത ആറുമാസത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കും. ടൊയോട്ട ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ തങ്ങളുടെ പ്ലാന്റുകളിൽ റോബോട്ടുകളെ വിന്യസിച്ചു തുടങ്ങിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ വാഹന വിപ്ലവത്തിന് സമാനമായി വരും കാലങ്ങളിൽ കാറുകളെക്കാൾ കൂടുതൽ റോബോട്ടുകൾ ലോകത്തുണ്ടാകുമെന്നും വ്യവസായ മേഖലയിൽ ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
More robots than cars; Canada is preparing for a new industrial revolution



