വിന്നിപെഗ്: വിന്നിപെഗിൽ ഭക്ഷണവുമായെത്തിയ ഡെലിവറി ബോയിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പിസ്സ കവർന്ന സംഭവത്തിൽ മൂന്ന് കൗമാരക്കാർ പിടിയിലായി. വെസ്റ്റ് എൻഡിലെ വിക്ടർ സ്ട്രീറ്റിലുള്ള അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന് സമീപം വ്യാഴാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം. 16 വയസ്സ് പ്രായമുള്ള രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് പൊലീസിന്റെ പിടിയിലായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപ്പാർട്ട്‌മെന്റിൽ ഭക്ഷണം നൽകാനെത്തിയ ഡെലിവറി ബോയിയെ ആദ്യം ഒരു പെൺകുട്ടി സമീപിക്കുകയും കാത്തുനിൽക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് അപ്രതീക്ഷിതമായി അവിടെയെത്തിയ രണ്ട് ആൺകുട്ടികൾ കൈയിലുണ്ടായിരുന്ന തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പിസ്സ ബാഗ് തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.
കവർച്ചാ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മേജർ ക്രൈം യൂണിറ്റും ടാക്റ്റിക്കൽ സപ്പോർട്ട് ടീമും സംയുക്തമായാണ് അന്വേഷണം നടത്തിയത്. രാത്രി 10 മണിയോടെ ബ്രോഡ്‌വേ മേഖലയിലെ നടപ്പാതയിൽ വെച്ച് പ്രതികളിലൊരാളെ പൊലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വിക്ടർ സ്ട്രീറ്റിലെ ഒരു വീട്ടിൽ നിന്നും മറ്റു രണ്ട് പ്രതികളെ കൂടി പിടികൂടിയത്. കവർച്ചയ്ക്ക് ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ ഇത് കാർബൺ ഡയോക്സൈഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന (CO2-propelled gun) തോക്കാണെന്ന് വ്യക്തമായി.
പിടിയിലായ മൂന്ന് കൗമാരക്കാർക്കെതിരെയും മാരകായുധങ്ങൾ ഉപയോഗിച്ചുള്ള കവർച്ചാ കുറ്റം ചുമത്തിയിട്ടുണ്ട്. നിലവിൽ ഉപാധികളോടെ ഇവരെ വിട്ടയച്ചതായും വരും ദിവസങ്ങളിൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. വിന്നിപെഗിലെ ജനവാസ മേഖലയിൽ നടന്ന ഈ സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
/winnipeg-pizza-delivery-robbery-airgun
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



