ഒട്ടാവ : കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് കാനഡയിൽ വിപുലമായ ചർച്ചകൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ജപ്പാൻ സന്ദർശനത്തിനിടെ ശനിയാഴ്ച ടോക്കിയോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ അനുകൂലവും പ്രതികൂലവുമായ വാദങ്ങളുണ്ടെന്നും ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
നിർദ്ദിഷ്ട ‘ഓൺലൈൻ ഹാംസ്’ (Online Harms) നിയമനിർമ്മാണത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി നിശ്ചയിക്കുന്നത് പരിഗണിക്കുമെന്ന് കാർണി പറഞ്ഞു. കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ രാജ്യം നിലവിൽ പിന്നിലാണെന്നും അത് പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് മാസം മുമ്പ് 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ച ഓസ്ട്രേലിയയുടെ നടപടിക്ക് പിന്നാലെ വിവിധ രാജ്യങ്ങൾ സമാന നീക്കങ്ങൾ ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.
നേരത്തെ ലിബറൽ സർക്കാർ അവതരിപ്പിച്ച ഓൺലൈൻ സുരക്ഷാ ബിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് നിയമമായിരുന്നില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുട്ടികളെ സംരക്ഷിക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നും ആ ബില്ലിൽ വ്യവസ്ഥയുണ്ടായിരുന്നു. ഈ നിർദ്ദേശങ്ങൾ തിരികെ കൊണ്ടുവരണമെന്ന് സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Age limit for social media use: Prime Minister Mark Carney launches discussions on Online Hams Bill



