കാർബി ആംഗ്ലോങ്ങ്: അസമിലെ കാർബി ആംഗ്ലോങ്ങ് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് (Su-30MKI) യുദ്ധവിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേഷ് ദുരാഗ്കർ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനം, രാത്രി 7.42-ഓടെ റഡാർ ബന്ധം വേർപെട്ട് കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് വിമാനാവശിഷ്ടങ്ങളും പൈലറ്റുമാരുടെ ഭൗതികശരീരങ്ങളും കണ്ടെത്തിയത്.
ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള ദുർഘടമായ മലനിരകളിലാണ് വിമാനം തകർന്നുവീണത്. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ വ്യോമസേന വിപുലമായ തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രതികൂലമായ ഭൂപ്രകൃതി തിരച്ചിൽ ദൗത്യത്തിന് വെല്ലുവിളി ഉയർത്തിയെങ്കിലും തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ മലയോര മേഖലയിൽ കണ്ടെത്തുകയായിരുന്നു. 2000-മാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ സുഖോയ് Su-30MKI, രാജ്യത്തെ ഏറ്റവും കരുത്തുറ്റ മുൻനിര പോരാട്ട വിമാനമായാണ് കണക്കാക്കപ്പെടുന്നത്.
നിലവിൽ ഇരുന്നൂറിലധികം സുഖോയ് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പക്കലുണ്ട്. വ്യോമസേനയുടെ കരുത്തായ ഈ യുദ്ധവിമാനം തകരാനുണ്ടായ കാരണം കണ്ടെത്താൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ മറ്റ് ബാഹ്യ ഇടപെടലുകളാണോ അപകടത്തിന് പിന്നിലെന്ന് വിശദമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ. പൈലറ്റുമാരുടെ വിയോഗത്തിൽ വ്യോമസേനയും പ്രതിരോധ മന്ത്രാലയവും അഗാധമായ ദുഃഖം രേഖപ്പെടുത്തി.
*കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി*: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Concerns are over; Sukhoi fighter jet crashes in Assam; Army confirms death of pilots



