മോൺട്രിയൽ: ക്യുബെക്ക് സർക്കാർ നടപ്പിലാക്കിയ പുതിയ കുടിയേറ്റ പദ്ധതിയായ സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം (PSTQ) നിലവിൽ വന്നതോടെ പ്രവിശ്യയിലെ വിദേശ തൊഴിലാളികൾ വലിയ പ്രതിസന്ധിയിലായതായി റിപ്പോർട്ട്. മുൻഗണനാ ക്രമമനുസരിച്ചുള്ള പോയിന്റ് സംവിധാനത്തിലെ കടുത്ത നിബന്ധനകൾ കാരണം നിലവിൽ ജോലി ചെയ്യുന്നവർക്ക് പോലും സ്ഥിരതാമസത്തിനുള്ള അനുമതി (PR) ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആരോഗ്യ-സാമൂഹിക സേവന മേഖലകളിൽ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്നവർ പോലും സ്കോർ നിലവാരത്തിൽ പിന്നിലാകുന്നത് പ്രവിശ്യയുടെ കുടിയേറ്റ നയങ്ങളിലെ വൈരുദ്ധ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നാല് വർഷം മുൻപ് ക്യുബെക്കിലെ ആരോഗ്യ ഏജൻസിയായ Santé Québec യൂറോപ്പിൽ നിന്ന് റിക്രൂട്ട് ചെയ്ത സോഷ്യൽ വർക്കറായ ഫ്ലോറൻസ് ബൊല്ലെറ്റ് മിഷേലിന്റെ അനുഭവം ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുകയാണ്. 15 വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിട്ടും പുതിയ പോയിന്റ് നിലവാരത്തിൽ 46-കാരിയായ മിഷേലിന് മതിയായ സ്കോർ നേടാനായില്ല. പ്രായം 45 പിന്നിട്ടതും മോൺട്രിയൽ നഗരത്തിൽ താമസിക്കുന്നതും ഇവർക്ക് പോയിന്റ് കുറയാൻ കാരണമായി. നേരത്തെയുണ്ടായിരുന്ന ലളിതമായ കുടിയേറ്റ പദ്ധതി (PEQ) പെട്ടെന്ന് റദ്ദാക്കിയതാണ് മിഷേലിനെപ്പോലെയുള്ള നിരവധി തൊഴിലാളികളെ ‘PEQ Orphans’ എന്ന അവസ്ഥയിലേക്ക് എത്തിച്ചത്.
നിലവിൽ വിദ്യാഭ്യാസം, ആരോഗ്യപരിചരണം, നിർമ്മാണം തുടങ്ങിയ മേഖലകൾക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. എന്നാൽ പ്രായപരിധി, കുടുംബപശ്ചാത്തലം, താമസസ്ഥലം തുടങ്ങിയ മാനദണ്ഡങ്ങൾ പല വിദഗ്ധ തൊഴിലാളികളെയും പട്ടികയ്ക്ക് പുറത്താക്കുന്നുണ്ട്. ഏപ്രിലിൽ മിഷേലിന്റെ ഔദ്യോഗിക തൊഴിൽ കരാർ അവസാനിക്കുന്നതോടെ പോയിന്റ് നില ഇനിയും താഴുമെന്ന ആശങ്കയുമുമാണുള്ളത്. ക്യുബെക്കിലെ കർശന നിയമങ്ങൾ കാരണം പരിചയസമ്പന്നരായ തൊഴിലാളികൾ അയൽ പ്രവിശ്യയായ ന്യൂ ബ്രൺസ്‌വിക്കിലേക്ക് മാറാൻ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Immigration law tightened: Foreign workers in Quebec are worried



