കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ നടത്തുന്ന ഇടപെടലുകളെക്കുറിച്ചും രാജ്യാന്തര അടിച്ചമർത്തലുകളെക്കുറിച്ചും (transnational repression) സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ പരാമർശങ്ങളെ തള്ളി പ്രധാനമന്ത്രി മാർക്ക് കാർണി രംഗത്തെത്തി. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഭീഷണി കുറഞ്ഞുവെന്ന രീതിയിൽ മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ പ്രസ്താവനകളോട് താൻ യോജിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഇടപെടലുകൾ തുടരുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി ഈ വിദേശയാത്രയ്ക്ക് മുതിരില്ലായിരുന്നു എന്ന അജ്ഞാതനായ ഉദ്യോഗസ്ഥന്റെ വാക്കുകളെയാണ് കാർണി നേരിട്ട് തിരുത്തിയത്. “ആ വാക്കുകൾ ഞാനൊരിക്കലും ഉപയോഗിക്കില്ല” എന്ന് പറഞ്ഞ പ്രധാനമന്ത്രി, ജാഗ്രതയും നയതന്ത്ര ഇടപെടലുമാണ് കാനഡയുടെ ഇപ്പോഴത്തെ സമീപനമെന്നും കൂട്ടിച്ചേർത്തു.
വിദേശകാര്യ മന്ത്രി അനിത ആനന്ദും പ്രധാനമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നിഗമനങ്ങൾ വ്യക്തിപരമാണെന്നും അത് സർക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്നും അവർ സൂചിപ്പിച്ചു. അതേസമയം, കാനഡയുടെ ചാരസംഘടനയായ സി.എസ്.ഐ.എസ് (CSIS) തങ്ങളുടെ മുൻപത്തെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കാനഡയിൽ വിദേശ ഇടപെടലുകളും ചാരവൃത്തിയും നടത്തുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ കണക്കാക്കുന്നതിൽ മാറ്റമില്ലെന്ന് ഏജൻസി വ്യക്തമാക്കി. സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള വിലയിരുത്തൽ ഇപ്പോഴും ഗൗരവകരമായി തുടരുകയാണെന്ന് സി.എസ്.ഐ.എസ് ആവർത്തിച്ചു.
ഈ വിഷയത്തിൽ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. സർക്കാരിനുള്ളിലെ വൈരുദ്ധ്യങ്ങളും പ്രധാനമന്ത്രി മറുപടി നൽകാൻ വൈകുന്നതും ജനാധിപത്യത്തിന് ഭീഷണിയാണെന്ന് പ്രതിപക്ഷ വിദേശകാര്യ വിമർശകൻ മൈക്കൽ ചോങ് ആരോപിച്ചു. ഇത്തരം ഗുരുതരമായ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് കൃത്യമായ ഉത്തരവാദിത്തമില്ലാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശ ഇടപെടലുകൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് അംഗീകരിക്കില്ലെന്ന് ആവർത്തിക്കുമ്പോഴും, വിവാദ പ്രസ്താവന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി കാർണി.
Indian Interference Row: Carney Rejects Officials
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



