കൊച്ചി: അപകടം കവർന്ന പത്തൊൻപതുകാരിയുടെ വേർപാടിലും അഞ്ചുപേർക്ക് ഇനി ജാസ്ലിയയിലൂടെ പുതുജീവൻ. വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച എടവനക്കാട് സ്വദേശിനി ജാസ്ലിയ ജോൺസന്റെ അവയവങ്ങളാണ് ബന്ധുക്കൾ മരണാനന്തരം ദാനം ചെയ്യുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവളുടെ ഓർമ്മകൾ മറ്റുള്ളവരിലൂടെ നിലനിൽക്കട്ടെ എന്ന കുടുംബത്തിന്റെ ഉറച്ച തീരുമാനം അവയവമാറ്റത്തിനായി കാത്തിരുന്ന അഞ്ച് രോഗികൾക്കാണ് തുണയാകുന്നത്.
ബിരുദ വിദ്യാർത്ഥിനിയായ ജാസ്ലിയ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരി 28-നാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജാസ്ലിയയെ ഉടൻ തന്നെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. വിദഗ്ധ ചികിത്സകൾ തുടരുന്നതിനിടെ ഇന്ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്ന് ആശുപത്രി അധികൃതർ അവയവദാനത്തിന്റെ സാധ്യതകൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
ജാസ്ലിയയുടെ കരൾ രാജഗിരി ആശുപത്രിയിൽ തന്നെ ചികിത്സയിലുള്ള രോഗിക്ക് കൈമാറും. വൃക്കകളിൽ ഒന്ന് കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്കും മറ്റൊന്ന് അമൃത ആശുപത്രിയിലെ രോഗിക്കുമാണ് നൽകുന്നത്. കാഴ്ചയുടെ ലോകത്തേക്ക് ഒരാളെ മടക്കിക്കൊണ്ടുവരാൻ നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്ക് കൈമാറും. സർക്കാർ ഏജൻസിയായ മൃതസഞ്ജീവനിയുടെ മേൽനോട്ടത്തിലാണ് അവയവങ്ങൾ വേർതിരിക്കുന്നതും വിവിധ ആശുപത്രികളിലേക്ക് എത്തിക്കുന്നതുമായ നടപടികൾ പൂർത്തിയാക്കുന്നത്.
പഠനത്തോടൊപ്പം കുടുംബത്തെ സഹായിക്കാൻ ജോലിക്ക് പോയിരുന്ന മിടുക്കിയായ വിദ്യാർത്ഥിനിയുടെ അപ്രതീക്ഷിത വേർപാട് നാടിന് നോവായി മാറി. എങ്കിലും, ദുഃഖത്തിനിടയിലും ജാസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ മാതാപിതാക്കളുടെ തീരുമാനം വലിയ ആദരവോടെയാണ് സമൂഹം നോക്കിക്കാണുന്നത്.
19-year-old-s-donation-in-kerala-gives-new-life-to-four-videoshow
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



