സെന്റ് ജോൺസ്: അറ്റ്‌ലാന്റിക് കാനഡയിലെ വിപ്ലവകരമായ ഊർജ്ജ പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട ‘വേൾഡ് എനർജി GH2’ (WEGH2) ഗ്രൂപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പദ്ധതിക്കായി നീക്കിവെച്ച സർക്കാർ ഭൂമി (Crown Land) തിരിച്ചുപിടിക്കാനുള്ള ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ സർക്കാരിന്റെ തീരുമാനമാണ് സംരംഭത്തെ പാപ്പർ ഹർജി നൽകുന്നതിലേക്ക് നയിച്ചത്. ലാൻഡ് റിസർവേഷൻ ഫീസായി നൽകേണ്ട കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയതോടെയാണ് പ്രൊവിൻഷ്യൽ സർക്കാർ കർശന നടപടി സ്വീകരിച്ചത്. ഇതോടെ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായി.
പ്രമുഖ വ്യവസായി ജോൺ റിസ്‌ലിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ സംരംഭം, കാറ്റാടി യന്ത്രങ്ങളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഹൈഡ്രജനും അമോണിയയും ഉൽപ്പാദിപ്പിച്ച് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിലവിൽ കമ്പനിക്ക് ഏകദേശം 100 ദശലക്ഷം ഡോളറിന്റെ കടബാധ്യതയുണ്ടെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്. ഇതിൽ എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് കാനഡയ്ക്ക് നൽകാനുള്ള 50 ദശലക്ഷം ഡോളറും ഉൾപ്പെടുന്നു.
കമ്പനിയുടെ ആസ്തി കേവലം 29.2 ദശലക്ഷം ഡോളറായി ചുരുങ്ങിയതോടെ ‘ലിക്വിഡിറ്റി ക്രൈസിസ്’ അഥവാ പണമില്ലാത്ത അവസ്ഥയിലാണെന്ന് സിഇഒ റിച്ചാർഡ് ഹ്യൂ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. ഏകദേശം 1,080 ചതുരശ്ര കിലോമീറ്റർ സർക്കാർ ഭൂമിയാണ് പദ്ധതിക്കായി മാറ്റിവെച്ചിരുന്നത്. ഇതിനായി മാസംതോറും 3.9 ലക്ഷം ഡോളർ വീതം ഭൂമി വാടകയായി കമ്പനി നൽകണമായിരുന്നു. എന്നാൽ 10.5 ദശലക്ഷം ഡോളർ കുടിശ്ശിക വന്നതോടെ, ഫീസ് അടയ്ക്കാത്ത കമ്പനികൾക്ക് ഭൂമി അനുവദിക്കില്ലെന്ന് ഊർജ്ജ മന്ത്രി ലോയ്ഡ് പാരറ്റ് പ്രഖ്യാപിക്കുകയായിരുന്നു.
2028-ഓടെ കുടിശ്ശിക തീർക്കാമെന്ന കമ്പനിയുടെ വാഗ്ദാനം സർക്കാർ തള്ളുകയും 2026-നുള്ളിൽ തുക പൂർണ്ണമായും അടയ്ക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഭൂമി നഷ്ടമായാൽ പദ്ധതിയുടെ മൂല്യം ഇല്ലാതാകുമെന്ന് കമ്പനി അധികൃതർ ആശങ്കപ്പെടുന്നു. നിലവിൽ 120 ദശലക്ഷം ഡോളറിലധികം നിക്ഷേപം നടത്തിയ പദ്ധതിയെ കടബാധ്യതകൾ പുനഃക്രമീകരിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് ഗ്രൂപ്പിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് കോടതിയുടെ സംരക്ഷണം തേടിയിരിക്കുന്നത്.
ജോൺ റിസ്‌ലിയുടെ ഉടമസ്ഥതയിലുള്ള സിഎഫ്എഫ്‌ഐ (CFFI) വെഞ്ചേഴ്‌സും സമാനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മാർച്ച് ഒൻപതിന് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഗ്രീൻ എനർജി മേഖലയിലെ ഈ തകർച്ച അറ്റ്‌ലാന്റിക് കാനഡയിലെ വരാനിരിക്കുന്ന സമാന പദ്ധതികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
hydrogen-outfit-seeks-creditor-protection-after-nl-vows-to-take-back-crown-land
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



