ദുബായ്: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ഗ്ലോബൽ വില്ലേജ് ഇന്ന് (മാർച്ച് 1) അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. സന്ദർശകർ, ജീവനക്കാർ, പ്രദേശവാസികൾ എന്നിവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായുള്ള ഔദ്യോഗിക നിർദേശങ്ങൾ പാലിച്ചാണ് ഈ നടപടിയെന്ന് ഗ്ലോബൽ വില്ലേജ് മാനേജ്മെന്റ് വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്.
മേഖലയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അധികൃതർ അറിയിച്ചു. നിലവിൽ ഒരു ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മുൻകൂട്ടി ടിക്കറ്റ് എടുത്തവർക്കും സന്ദർശനത്തിന് പദ്ധതിയിട്ടവർക്കും ഈ തീരുമാനം മൂലം നേരിട്ട പ്രയാസത്തിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു. കൂടുതൽ സുരക്ഷാ പരിശോധനകൾക്ക് ശേഷമായിരിക്കും വരും ദിവസങ്ങളിലെ പ്രവർത്തന കാര്യത്തിൽ തീരുമാനമെടുക്കുക.
ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്ന തീയതിയും സമയവും ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയും വെബ്സൈറ്റിലൂടെയും ഉടൻ അറിയിക്കും. സന്ദർശകർ കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്ന് ദുബായ് മീഡിയ ഓഫീസ് നിർദേശിച്ചു. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
West Asian war situation: Global Village closed as a security precaution



