ഡബ്ലിൻ: അയർലണ്ടിലെ ചെറിവുഡിൽ നിന്നും കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം ബ്രേ മേഖലയിൽ കണ്ടെത്തി. ഇന്ന് രാവിലെ മുതൽ കാണാതായ അശ്വതിക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്. ആശുപത്രിയിൽ എത്തിയ സുഹൃത്തുക്കളാണ് മൃതദേഹം അശ്വതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. നിലവിൽ പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം ലോക്കലിസ്ടൗൺ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
യുവതിയെ കാണാതായതിനെ തുടർന്ന് അയർലണ്ട് പോലീസും സന്നദ്ധ പ്രവർത്തകരും വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ബ്രേ മേഖലയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
ഇന്നലെ ഇതേ മേഖലയിൽ തന്നെയുള്ള ഐടി ഉദ്യോഗസ്ഥനായ അനീഷ് സോജനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അനീഷിന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് അശ്വതിയുടെ മൃതദേഹം കൂടി കണ്ടെത്തുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരേ സ്ഥലത്ത് രണ്ട് മലയാളികൾ മരിച്ച സംഭവം പ്രവാസി മലയാളി സമൂഹത്തിനിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Body of missing Malayali woman found in Dublin



