ടൊറന്റോ: മുതിർന്നവരെ മാത്രം ബാധിക്കുന്ന പ്രശ്നമെന്ന നിലയിൽ കൊളസ്‌ട്രോളിനെ കാണുന്ന കാലം മാറുന്നു. രണ്ട് വയസ്സു മുതൽ പത്ത് വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും കൊളസ്‌ട്രോൾ പരിശോധന നടത്തണമെന്ന് കനേഡിയൻ പീഡിയാട്രിക് സൊസൈറ്റി (CPS) ശുപാർശ ചെയ്തു. കുട്ടിക്കാലത്ത് തന്നെ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് (Atherosclerosis) ഭാവിയിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പ്രധാന കാരണമാകുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ നിർണായക നീക്കം. വെള്ളിയാഴ്ച പുറത്തിറക്കിയ പൊസിഷൻ സ്റ്റേറ്റ്‌മെന്റിലാണ് പീഡിയാട്രിക് സൊസൈറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
ജനിതകപരമായ കാരണങ്ങളാൽ കൊളസ്‌ട്രോൾ വർധിക്കുന്ന ‘ഫാമിലിയൽ ഹൈപ്പർ കൊളസ്‌ട്രോളീമിയ’ (FH) എന്ന അവസ്ഥ 300-ൽ ഒരാൾക്ക് വീതം കണ്ടുവരുന്നുണ്ടെന്ന് പ്രമുഖ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. മൈക്കൽ ഖൂരി ചൂണ്ടിക്കാട്ടുന്നു. നിലവിലെ പരിശോധനാ രീതികൾ അനുസരിച്ച്, ജനിതകമായി ഈ അവസ്ഥയുള്ള 95 ശതമാനം കുട്ടികളെയും തിരിച്ചറിയാൻ സാധിക്കുന്നില്ല. രക്തപരിശോധനയിലൂടെ രോഗാവസ്ഥ നേരത്തെ കണ്ടെത്തുന്നത് വഴി ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തി മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർക്ക് സാധിക്കും.
രോഗാവസ്ഥ ഗുരുതരമായ കുട്ടികളിൽ എട്ട് വയസ്സു മുതൽ തന്നെ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ആരംഭിക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മുതിർന്നവർക്ക് നൽകുന്ന സ്റ്റാറ്റിൻ (Statin) വിഭാഗത്തിൽപ്പെട്ട മരുന്നുകൾ എട്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സുരക്ഷിതമായി നൽകാമെന്ന് ദീർഘകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 20-ഉം 30-ഉം വയസ്സുകളിൽ ഹൃദ്രോഗം ബാധിക്കാനുള്ള സാധ്യത ഇല്ലാതാക്കാൻ കുട്ടിക്കാലത്തെ ഈ മുൻകരുതലുകൾ സഹായിക്കുമെന്ന് ഡോ. ഖൂരി പറഞ്ഞു.
കുട്ടികളുടെ മറ്റ് പരിശോധനകൾക്കായി രക്തമെടുക്കുന്ന അവസരങ്ങളിൽ കൊളസ്‌ട്രോൾ കൂടി പരിശോധിക്കുന്നത് പ്രായോഗികമായി എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിലവിൽ 9 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കാണ് കൊളസ്‌ട്രോൾ പരിശോധന നിർദേശിക്കുന്നത്. എന്നാൽ കുടുംബത്തിൽ ഹൃദ്രോഗ പാരമ്പര്യമോ പൊണ്ണത്തടിയോ ഉള്ള കുട്ടികളിൽ രണ്ട് വയസ്സു മുതൽ തന്നെ പരിശോധന നടത്താറുണ്ട്.
കാനഡയിൽ ഇതാദ്യമായാണ് ഇത്തരമൊരു പൊതുവായ മാർഗനിർദേശം വരുന്നത്. കരളിന് രക്തത്തിലെ കൊളസ്‌ട്രോളിനെ കൃത്യമായി വലിച്ചെടുക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ് പലപ്പോഴും കുട്ടികളിലെ കൊളസ്‌ട്രോൾ വർധനവിന് കാരണമാകുന്നത്. കൃത്യസമയത്തുള്ള ഇടപെടലിലൂടെ വരുംതലമുറയുടെ ഹൃദയാരോഗ്യം സംരക്ഷിക്കാനാണ് ഈ പുതിയ ശുപാർശ ലക്ഷ്യമിടുന്നത്.
screen-all-kids-between-2-and-10-for-high-cholesterol-pediatric-society-recommends
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



