സെന്റ് ജോൺസ്: അതിശൈത്യവും തുടർച്ചയായ ഹിമപാതവും ആഞ്ഞടിക്കുന്ന ന്യൂഫൗണ്ട്‌ലാൻഡിൽ ഇപ്പോൾ താരം കാലാവസ്ഥാ വകുപ്പല്ല, മറിച്ച് കയ്യിലൊരു സ്കെയിലുമായി മഞ്ഞു അളക്കാൻ ഇറങ്ങിത്തിരിച്ച 62-കാരനായ ലോയ്ഡ് ലീമാൻ ആണ്. വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കുന്ന ലീമാൻ, തന്റെ വീട്ടുമുറ്റത്തെ മഞ്ഞിന്റെ അളവ് ഓരോ മണിക്കൂറിലും കൃത്യമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ഇന്ന് ഒരു നാടിന് മുഴുവൻ ആശ്രയമായി മാറിയിരിക്കുന്നു. ഫെബ്രുവരി മാസം ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുമ്പോൾ, ലീമാന്റെ കണക്കുകൾ കാലാവസ്ഥാ നിരീക്ഷകർ പോലും ഔദ്യോഗികമായി ഉദ്ധരിക്കുകയാണ്.
ന്യൂഫൗണ്ട്‌ലാൻഡിലെ പാരഡൈസിലുള്ള തന്റെ വീടിന് പിന്നിലെ മുറ്റത്താണ് 2024 ജനുവരി മുതൽ ലീമാൻ ഈ ‘ദൗത്യം’ ആരംഭിച്ചത്. വെറുമൊരു കൗതുകത്തിന് തുടങ്ങിയതാണെങ്കിലും ഇന്ന് കാനഡയുടെ ഔദ്യോഗിക കാലാവസ്ഥാ ഏജൻസിയായ ‘എൻവയൺമെന്റ് കാനഡ’യുടെ വിശ്വസ്ത സ്രോതസ്സായി ഇദ്ദേഹം മാറി. അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒദ്യോഗിക റീഡിംഗുകളേക്കാൾ വേഗത്തിൽ ജനങ്ങളിലേക്ക് വിവരങ്ങളെത്തുന്നത് ലീമാന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ്. വൻകിട മാധ്യമങ്ങളിലെ കാലാവസ്ഥാ ബുള്ളറ്റിനുകളിൽ ഇപ്പോൾ ലീമാന്റെ അളവുകോലുകൾക്ക് പ്രത്യേക സ്ഥാനമുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ മഞ്ഞുവീഴ്ചയിൽ ലീമാന്റെ അർപ്പണബോധം പ്രകടമായിരുന്നു. പുലർച്ചെ 5:30-ന് തുടങ്ങിയ മഞ്ഞളക്കൽ രാത്രി 9:30 വരെ ഓരോ മണിക്കൂർ ഇടവിട്ടും അദ്ദേഹം തുടർന്നു. ഒടുവിൽ രേഖപ്പെടുത്തിയത് 79.5 സെന്റിമീറ്റർ എന്ന അമ്പരപ്പിക്കുന്ന കണക്കായിരുന്നു. “കയ്യിലൊരു സ്കെയിലുമായി നടക്കുന്ന ഒരു വയസ്സൻ ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല” എന്ന് അദ്ദേഹം തമാശയായി പറയുന്നുണ്ടെങ്കിലും, കൊടുങ്കാറ്റുകളെയും ഹിമപാതങ്ങളെയും അതിജീവിച്ചു വളർന്ന ഒരു ന്യൂഫൗണ്ട്‌ലാൻഡുകാരന്റെ രക്തത്തിലുള്ള ആവേശമാണ് തനിക്ക് ഈ പ്രവൃത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഈ വർഷം ഫെബ്രുവരിയിൽ പെയ്ത മഞ്ഞ് സെന്റ് ജോൺസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പഴയ റെക്കോർഡുകളെല്ലാം തകർത്തതായി കാലാവസ്ഥാ നിരീക്ഷകൻ ഡേവിഡ് നീൽ സ്ഥിരീകരിക്കുന്നു. അതിശക്തമായ കാറ്റും മഞ്ഞുവീഴ്ചയും ജനജീവിതത്തെ ബാധിക്കുമ്പോഴും, കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ലീമാനെപ്പോലെയുള്ള സന്നദ്ധപ്രവർത്തകരുടെ പങ്ക് വലുതാണെന്ന് അധികൃതർ വിലയിരുത്തുന്നു. ഓരോ ദിവസവും പുതുക്കുന്ന കാലാവസ്ഥാ റിപ്പോർട്ടുകളിൽ ലീമാന്റെ അളവുകോലുകൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ സൈബർ ലോകം.
old-guy-with-a-ruler-keeping-newfoundland-informed-through-record-breaking-snowfall
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



