സെന്റ് ജോൺസ്: മഞ്ഞുപാളികളിലെ പോരാട്ടവീര്യം കൊണ്ട് ലോകം കീഴടക്കിയ കാനഡയുടെ ഇതിഹാസ താരം ബ്രാഡ് ഗുഷു കളിമൈതാനത്തോട് വിടപറയാനൊരുങ്ങുന്നു. 2006-ലെ ടൂറിൻ വിന്റർ ഒളിമ്പിക്സിൽ കാനഡയ്ക്കായി ചരിത്രപരമായ സ്വർണ്ണമെഡൽ നേടിയതിന്റെ ഇരുപതാം വാർഷിക വേളയിലാണ്, തന്റെ കരിയറിന് പൂർണ്ണവിരാമമിടാൻ 45-കാരനായ ഗുഷു തീരുമാനിച്ചിരിക്കുന്നത്. സ്വന്തം തട്ടകമായ സെന്റ് ജോൺസിൽ ഈ വെള്ളിയാഴ്ച ആരംഭിക്കുന്ന ‘ബ്രയർ’ (Brier) ചാമ്പ്യൻഷിപ്പ് തന്റെ അവസാന പോരാട്ടമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൗമാരപ്രായത്തിൽ മനസ്സിൽ കുറിച്ചിട്ട ലക്ഷ്യങ്ങളെല്ലാം നേടിയെടുത്ത ചാരിതാർത്ഥ്യത്തോടെയാണ് ഈ പടിയിറക്കം.
രണ്ട് പതിറ്റാണ്ട് മുൻപ് ഇറ്റലിയിലെ ടൂറിനിൽ ഫിൻലൻഡിനെ തകർത്ത് സ്വർണ്ണം നേടുമ്പോൾ വെറും 25 വയസ്സായിരുന്നു ഗുഷുവിന്റെ പ്രായം. അന്ന് മെഡൽ നേടിയ ഉടൻ അർബുദ ചികിത്സയിലായിരുന്ന തന്റെ അമ്മയെ ഫോണിൽ വിളിച്ച് സന്തോഷം പങ്കുവെച്ച ആ നിമിഷം ഇന്നും കായികലോകത്തിന്റെ നൊമ്പരമാണ്. ന്യൂഫൗണ്ട്‌ലാൻഡ് പ്രവിശ്യയിൽ നിന്നുള്ള ആദ്യ ഒളിമ്പിക് സ്വർണ്ണ ജേതാക്കളായ ഗുഷുവിനെയും സംഘത്തെയും വരവേൽക്കാൻ അന്ന് സ്‌കൂളുകൾക്ക് പോലും അവധി നൽകിയിരുന്നു. രണ്ട് ഒളിമ്പിക് മെഡലുകൾ, ആറ് ബ്രയർ കിരീടങ്ങൾ, 15 ഗ്രാൻഡ് സ്ലാം ടൈറ്റിലുകൾ എന്നിങ്ങനെ മറ്റാർക്കും സ്വപ്നം കാണാൻ കഴിയാത്ത നേട്ടങ്ങൾ സ്വന്തമാക്കിയാണ് അദ്ദേഹം കരിയർ അവസാനിപ്പിക്കുന്നത്.
തന്റെ ആദ്യ ബ്രയർ കിരീടം നേടിയ അതേ സ്റ്റേഡിയത്തിൽ വെച്ച് കരിയറിന് അന്ത്യം കുറിക്കാനാവുന്നത് വികാരാധീനമായ അനുഭവമാണെന്ന് ഗുഷു പറയുന്നു. “മത്സരത്തിലെ പ്രകടനത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ല, എന്നാൽ ഈ ആഴ്ച കടന്നുപോകുന്ന വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കുമെന്ന് അറിയില്ലെന്ന് അദ്ദേഹം മനസ് തുറന്നു. കഴിഞ്ഞ രണ്ട് സീസണുകളിലായി ലക്ഷ്യബോധത്തിൽ വന്ന നേരിയ കുറവാണ് കരിയർ അവസാനിപ്പിക്കാനുള്ള കൃത്യമായ സമയമിതാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്. ഇനിയൊരു തിരിച്ചുവരവോ വിരമിക്കലിന് ശേഷം വിനോദത്തിനായി മാത്രമുള്ള കളിയോ തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് വ്യക്തമാക്കി.
മത്സരബുദ്ധിയോടെയുള്ള കരിയറിന് ശേഷം ഇനി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഗുഷുവിന്റെ തീരുമാനം. മക്കൾ മഞ്ഞുപാളികളിൽ മത്സരിക്കുന്നത് കാണുന്നതാണ് ഇപ്പോൾ തനിക്ക് ഏറ്റവും വലിയ സന്തോഷം നൽകുന്നതെന്ന് അദ്ദേഹം പറയുന്നു. കരിയറിൽ ഇനി ഒന്നും തെളിയിക്കാനില്ലെങ്കിലും, തന്റെ അവസാന ടൂർണമെന്റിലും കിരീടം നേടി അഭിമാനത്തോടെ മടങ്ങണമെന്ന വാശിയിലാണ് ഈ ഇതിഹാസം. വെള്ളിയാഴ്ച രാത്രി ക്യുബെക്കിനെതിരെയുള്ള ഉദ്ഘാടന മത്സരത്തോടെ ഗുഷുവിന്റെ വിടവാങ്ങൽ പോരാട്ടത്തിന് തുടക്കമാകും.
newfoundland-labrador/brad-gushue-st-johns-brier
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



