ഒട്ടാവ : കാനഡ പോസ്റ്റും കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സും (CUPW) തമ്മിൽ ദീർഘകാലമായി നിലനിന്നിരുന്ന തൊഴിൽ തർക്കങ്ങൾക്ക് പരിഹാരമാകുന്നു. ഡിസംബർ അവസാന വാരത്തിൽ ഇരുവിഭാഗവും തമ്മിലെത്തിയ താൽക്കാലിക ധാരണയിൽ അംഗങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള വോട്ടെടുപ്പ് ഏപ്രിൽ 20-ന് ആരംഭിച്ച് മെയ് 30-ഓടെ പൂർത്തിയാകും. ഏകദേശം രണ്ട് വർഷത്തോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും സമരങ്ങൾക്കും ശേഷമാണ് ഇത്തരമൊരു നിർണ്ണായക തീരുമാനത്തിലേക്ക് ഇരുപക്ഷവും എത്തിയത്.
ശമ്പള വർദ്ധനവ്, പോസ്റ്റൽ സർവീസിലെ ഘടനപരമായ മാറ്റങ്ങൾ എന്നിവയെച്ചൊല്ലിയായിരുന്നു പ്രധാനമായും തർക്കങ്ങൾ നിലനിന്നിരുന്നത്. ചർച്ചകൾ നീണ്ടുപോയതോടെ തൊഴിലാളികൾ പലതവണ പിക്കറ്റിംഗ് ഉൾപ്പെടെയുള്ള സമരമുറകൾ സ്വീകരിച്ചിരുന്നു. എന്നാൽ പുതിയ കരാറനുസരിച്ച് തൊഴിലാളികൾക്ക് ഉയർന്ന വേതനം, മെച്ചപ്പെട്ട ആനുകൂല്യങ്ങൾ, വാരാന്ത്യങ്ങളിൽ പാഴ്സൽ ഡെലിവറി നടത്തുന്നതിനുള്ള പുതിയ രീതി എന്നിവ ഉറപ്പാക്കുമെന്ന് കാനഡ പോസ്റ്റ് അറിയിച്ചു.
തങ്ങളുടെ 55,000-ത്തോളം വരുന്ന അംഗങ്ങളോട് ഈ കരാറിന് അനുകൂലമായി വോട്ട് ചെയ്യാൻ യൂണിയൻ ഇതിനോടകം ശുപാർശ ചെയ്തിട്ടുണ്ട്. രണ്ട് ബാർഗെയിനിംഗ് യൂണിറ്റുകളുമായാണ് നിലവിൽ ധാരണയിലെത്തിയിരിക്കുന്നത്. വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ സമരങ്ങളോ ലോക്കൗട്ടോ ഉണ്ടാകില്ലെന്ന് യൂണിയനും ക്രൗൺ കോർപ്പറേഷനും സമ്മതിച്ചിട്ടുണ്ട് എന്നത് പൊതുജനങ്ങൾക്ക് ആശ്വാസകരമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
No more service disruptions; Canada Post ends strike?



