കൊച്ചി: സാമ്പത്തിക തട്ടിപ്പ് പരാതിയിൽ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസുദ്ദീനെ (ഷംസു സൈബ) തൃപ്പൂണിത്തറ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ നിർമാതാവായ ആൻ സരിഗ ആന്റണി നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ചൊവ്വാഴ്ച രാത്രിയോടെയാണ് സംവിധായകനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കരാറിൽ വ്യവസ്ഥ ചെയ്തതിനേക്കാൾ കൂടുതൽ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്നും വിശ്വാസവഞ്ചന കാണിച്ചെന്നുമാണ് നിർമാതാവിന്റെ ആരോപണം. ഷംസുവിനെ കൂടാതെ ചിത്രത്തിൽ പ്രവർത്തിച്ച മറ്റ് അഞ്ചുപേർക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്. എന്നാൽ, നിലവിൽ സംവിധായകനെതിരെ മാത്രമാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിർമാതാവ് വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും ഷംസു സൈബ പ്രതികരിച്ചു. ചിത്രീകരണത്തിന് ആവശ്യമായ ചെലവ് മാത്രമേ കൈപ്പറ്റിയിട്ടുള്ളൂവെന്നും ഷൂട്ടിംഗ് വേളയിൽ നിർമാതാവുമായി ഉണ്ടായ തർക്കങ്ങളാണ് പരാതിക്ക് പിന്നിലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.
ചിത്രത്തിന്റെ നിർമ്മാണ വേളയിൽ സാങ്കേതിക പ്രവർത്തകരും നിർമാതാവും തമ്മിൽ പ്രതിഫലത്തെച്ചൊല്ലി വലിയ തർക്കങ്ങൾ നിലനിന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രതിഫലം ലഭിക്കാത്തതിനെത്തുടർന്ന് സിനിമാട്ടോഗ്രഫർ നേരത്തെ FEFKA യ്ക്ക് പരാതി നൽകിയിരുന്നു. പിന്നീട് റിലീസിന് ശേഷം തുക നൽകാമെന്ന ഉറപ്പിലാണ് സംഘടന ഈ പ്രശ്നം പരിഹരിച്ചിരുന്നത്.
‘മണിയറയിലെ അശോകൻ’ എന്ന ചിത്രത്തിന് ശേഷം ഷംസു സൈബ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ‘അഭിലാഷം’. 2025-ൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളിൽ വലിയ വിജയം നേടിയില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകളിൽ വൻ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ‘ഖൽബിനകമേ’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Financial fraud case: Shamsu Saiba, director of the film ‘Abhilasham’, arrested



