ഒന്റാരിയോ : നോർത്ത് ബേ നഗരത്തിലെ മാലിന്യ സംസ്കരണത്തിൽ വൻ പുരോഗതിയെന്ന് റിപ്പോർട്ട്. നഗരസഭ നടപ്പിലാക്കിയ മാലിന്യ വഴിതിരിച്ചുവിടൽ (Waste Diversion) പദ്ധതികളുടെ ഫലമായി 2025-ൽ മെറിക് ലാൻഡ്‌ഫില്ലിലെത്തിയ മാലിന്യത്തിന്റെ അളവ് 35,385 ടണ്ണായി കുറഞ്ഞു. ഇത് റെക്കോർഡ് നേട്ടമാണെന്ന് അധികൃതർ വ്യക്തമാക്കി. വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ, വാണിജ്യ അവശിഷ്ടങ്ങൾ, അപകടകരമല്ലാത്ത വ്യാവസായിക വസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള മാലിന്യത്തിന്റെ അളവിലാണ് ഈ കുറവ് രേഖപ്പെടുത്തിയത്. 1995-ൽ ലാൻഡ്‌ഫിൽ പ്രവർത്തനമാരംഭിക്കുമ്പോൾ 38,740 ടൺ മാലിന്യമാണ് എത്തിയിരുന്നത്. 2009-ൽ ഇത് 50,752 ടണ്ണായി വർധിച്ചിരുന്നു.
മാലിന്യ നിർമ്മാർജ്ജനത്തിനായി നഗരസഭ നടപ്പിലാക്കിയ കർശന നിയന്ത്രണങ്ങളും ബോധവൽക്കരണ പരിപാടികളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് എൻവയോൺമെന്റൽ കൺട്രോൾ ഓഫീസർ വിക്ടോറിയ തോമസ് അറിയിച്ചു. വീടുകളിൽ നിന്നുള്ള മാലിന്യ സഞ്ചികളുടെ എണ്ണം പരിമിതപ്പെടുത്തിയതും ബ്ലൂ ബിൻ സംവിധാനത്തിൽ കൂടുതൽ വസ്തുക്കൾ ഉൾപ്പെടുത്തിയതും മാറ്റത്തിന് കാരണമായി. പ്ലാസ്റ്റിക് കവറുകൾ, കോഫി കപ്പുകൾ തുടങ്ങിയവ പുനരുപയോഗത്തിനായി വേർതിരിക്കുന്നത് മാലിന്യത്തിന്റെ അളവ് കുറച്ചു.
2005-ലെ കണക്കനുസരിച്ച് 2029-ൽ അവസാനിക്കേണ്ടിയിരുന്ന ലാൻഡ്‌ഫില്ലിന്റെ ആയുസ്സ്, പുതിയ പ്രവർത്തനങ്ങളിലൂടെ 2039 വരെ നീട്ടാൻ സാധിച്ചതായും അവർ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും പുനരുപയോഗ സംവിധാനങ്ങൾ വിപുലീകരിച്ചതിന് നഗരസഭയ്ക്ക് കഴിഞ്ഞ രണ്ട് വർഷമായി മുനിസിപ്പൽ വേസ്റ്റ് അസോസിയേഷന്റെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളെയും കായിക താരങ്ങളെയും ഉൾപ്പെടുത്തി നടത്തിയ ബോധവൽക്കരണ പരിപാടികൾ നഗരത്തിന്റെ മാലിന്യ സംസ്കരണ സംസ്കാരത്തിൽ വലിയ മാറ്റം വരുത്തിയതായി ‘ക്ലീൻ, ഗ്രീൻ, ബ്യൂട്ടിഫുൾ നോർത്ത് ബേ’ സ്ഥാപക ഹാരിയറ്റ് മാഡിഗൻ പറഞ്ഞു. പ്ലാസ്റ്റിക്കിന് പുറമെ ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കേടുപാടുകൾ തീർത്ത് വീണ്ടും ഉപയോഗിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. വരും വർഷങ്ങളിലും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ശക്തമായി തുടരാനാണ് നഗരസഭയുടെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
North Bay as a model in waste management; Huge reduction in the amount of waste going to landfill



