ന്യൂഡൽഹി: ഇന്ത്യയും ഗ്രീസും തമ്മിലുള്ള തന്ത്രപരമായ പ്രതിരോധ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഗ്രീക്ക് പ്രതിരോധ മന്ത്രി നിക്കോളാസ്-ജോർജിയോസ് ഡെൻഡിയാസും തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധ മേഖലയിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുത്തു. സമാധാനം, സ്ഥിരത, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു.
പ്രതിരോധ വ്യവസായ രംഗത്തെ സഹകരണം ലക്ഷ്യമിട്ട് അഞ്ചു വർഷത്തെ റോഡ്മാപ്പിനുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഇരുമന്ത്രിമാരും ഒപ്പുവെച്ചു. ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിയും ഗ്രീസിന്റെ ‘അജണ്ട 2030’ പ്രതിരോധ പരിഷ്കാരങ്ങളും ഒന്നിച്ച് കൊണ്ടുപോകുന്നതിലൂടെ ആയുധ നിർമ്മാണ രംഗത്ത് വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. കൂടാതെ, 2026-ലേക്കുള്ള സൈനിക സഹകരണ പ്ലാനും ഇരുരാജ്യങ്ങളും തമ്മിൽ കൈമാറി.
സമുദ്ര സുരക്ഷാ രംഗത്തെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഗുഡ്ഗാവിലെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്ററിൽ (IFC-IOR) ഒരു ലെയ്‌സൺ ഓഫീസറെ നിയമിക്കുമെന്ന് ഗ്രീസ് പ്രഖ്യാപിച്ചു. പുരാതന കാലം മുതൽ സമുദ്രബന്ധമുള്ള ഇരുരാജ്യങ്ങളും മേഖലയിലെ സമാധാനത്തിനായി കൈകോർക്കുന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു.
നേരത്തെ, ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ഗ്രീക്ക് മന്ത്രിക്ക് മാണിക് ഷാ സെന്ററിൽ ത്രിവിധ സേനകളുടെ ഗാർഡ് ഓഫ് ഓണറും നൽകി. ഡൽഹിയിലെ സന്ദർശനത്തിന് ശേഷം ബംഗളൂരുവിലെ വിവിധ പ്രതിരോധ വ്യവസായ സ്ഥാപനങ്ങളും ഗ്രീക്ക് പ്രതിനിധി സംഘം സന്ദർശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
India, Greece to strengthen defence partnership

