ഒട്ടാവ: കാനഡയിലെ തൊഴിൽ വിപണിയിൽ ജനുവരി മാസത്തിൽ അപ്രതീക്ഷിത തിരിച്ചടി. രാജ്യത്ത് പുതുതായി 7,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് 24,800 തൊഴിലുകൾ നഷ്ടപ്പെട്ടതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, തൊഴിൽ അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതോടെ തൊഴിലില്ലായ്മ നിരക്ക് 16 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 6.5 ശതമാനത്തിലേക്ക് താഴ്ന്നു.
തൊഴിൽ വിപണിയിലെ മാറ്റങ്ങൾ
ജനുവരിയിലെ കണക്കുകൾ പ്രകാരം ഫുൾടൈം (സ്ഥിര) തൊഴിലുകളിൽ 44,900 വർധനവുണ്ടായപ്പോൾ, പാർട്ട് ടൈം തൊഴിൽ മേഖലയിൽ 69,700 ഒഴിവുകൾ ഇല്ലാതായി. 2024 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. നിർമ്മാണ മേഖലയിലാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്; ഏകദേശം 27,500 തൊഴിലുകൾ ഈ മേഖലയിൽ നഷ്ടപ്പെട്ടു. പ്രത്യേകിച്ച് യുഎസ് താരിഫുകൾ ബാധിച്ച ഒന്റാറിയോയിലെ വ്യവസായ മേഖലയെയാണ് ഇത് കാര്യമായി ബാധിച്ചത്.
സമ്പദ്‌വ്യവസ്ഥയുടെ മറ്റ് വശങ്ങൾ
വിദ്യാഭ്യാസ സേവനങ്ങൾ, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ മേഖലകളിലും തൊഴിൽ നഷ്ടം പ്രകടമാണ്. അതേസമയം കൃഷി, ഐടി, ബിസിനസ് തുടങ്ങിയ മേഖലകളിൽ നേരിയ തോതിൽ തൊഴിലവസരങ്ങൾ വർധിച്ചു. ബാങ്ക് ഓഫ് കാനഡ സൂക്ഷ്മമായി നിരീക്ഷിക്കുന്ന തൊഴിലാളികളുടെ ശരാശരി വേതന വർധനവ് 3.3 ശതമാനമായി കുറഞ്ഞു. ഡിസംബറിൽ ഇത് 3.7 ശതമാനമായിരുന്നു.
ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് നിലവിൽ 2.25 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുകയാണ്. പണപ്പെരുപ്പം 2 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ഈ നിരക്ക് സഹായിക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. ഈ വർഷം പലിശ നിരക്കുകളിൽ കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Unemployment rate drops to 6.5% in January despite 25,000 job losses: StatCan



