ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നിൽ നിക്ഷേപകരിൽ നിന്നുള്ള കടുത്ത സമ്മർദമുണ്ടായിരുന്നതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ആറുമാസമായി അദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. വലിയ കടബാധ്യതകൾ ഇല്ലായിരുന്നിട്ടും, കേരളത്തിലും ദുബായിലുമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ നിന്നും സിനിമാ പ്രവർത്തകരിൽ നിന്നും അദ്ദേഹം നിക്ഷേപം സ്വീകരിച്ചിരുന്നു.
കേന്ദ്ര ഏജൻസികൾ റോയിയെ നിരീക്ഷിക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നതോടെ, തങ്ങളുടെ പണം നഷ്ടപ്പെടുമോ എന്ന് ഭയന്ന നിക്ഷേപകർ കൂട്ടത്തോടെ തുക തിരിച്ചുചോദിക്കാൻ തുടങ്ങിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പല ഇടപാടുകളുടെയും കൃത്യമായ സ്രോതസ്സ് വെളിപ്പെടുത്താൻ കഴിയാത്തതും അദ്ദേഹത്തെ വലച്ചു. ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് കണ്ടെടുത്ത റോയിയുടെ കുറിപ്പുകളിൽ നിക്ഷേപകരുടെ വിശദാംശങ്ങളും നിലവിലെ പ്രതിസന്ധികളും വ്യക്തമാക്കുന്നുണ്ട്.
ജനുവരി 30-ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ രേഖകൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റോയിയെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ആദായനികുതി ഉദ്യോഗസ്ഥർ ഇപ്പോഴും ബെംഗളൂരുവിൽ തുടരുന്നുണ്ടെങ്കിലും, മരണത്തിന് പിന്നിൽ ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. അതേസമയം, റോയിയുടെ കാബിനടുത്തുള്ള സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതും മൊഴികളിലെ വൈരുദ്ധ്യവും കേസിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
CJ Roy demise: Scared investors from political and film fields withdrew money from Confident Group, causing mental pressure



