ഒട്ടാവ: ഫെഡറൽ സർക്കാർ വിവിധ ആനുകൂല്യങ്ങൾക്കായി പൊതുജനങ്ങൾക്ക് തപാൽ വഴി അയച്ചുനൽകിയ ചെക്കുകളിൽ വലിയൊരു ഭാഗം കൈപ്പറ്റാതെ അവശേഷിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ വിതരണം ചെയ്ത ഏകദേശം 2 ബില്യൺ ഡോളർ മൂല്യമുള്ള പേപ്പർ ചെക്കുകളാണ് ഗുണഭോക്താക്കൾ ബാങ്ക് വഴി മാറിയിട്ടില്ലെന്ന് പാർലമെന്റിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നത്.
ലഭ്യമായ കണക്കുകൾ പ്രകാരം 3.9 മില്യൺ ചെക്കുകളാണ് ഇത്തരത്തിൽ കൈപ്പറ്റാതെ കിടക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാർബൺ വിലനിർണ്ണയത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി സർക്കാർ നൽകിവന്ന ‘കാനഡ കാർബൺ റിബേറ്റ്’ ഇനത്തിലുള്ള തുകയാണ്. ഈ ഇനത്തിൽ മാത്രം 141 മില്യൺ ഡോളറിന്റെ ചെക്കുകൾ ഇനിയും മാറാനുണ്ട്. കാർബൺ റിബേറ്റ് പദ്ധതി കഴിഞ്ഞ വർഷം റദ്ദാക്കിയെങ്കിലും, സർക്കാർ നൽകിയ ചെക്കുകൾക്ക് കാലാവധി അവസാനിക്കാത്തതിനാൽ ഗുണഭോക്താക്കൾക്ക് ഇവ ഇപ്പോഴും ഉപയോഗിക്കാവുന്നതാണ്.
കുട്ടികളുടെ ആവശ്യങ്ങൾക്കായി നൽകുന്ന ‘കാനഡ ചൈൽഡ് ബെനിഫിറ്റ്’ പദ്ധതിയിലും വലിയ തുക അവകാശികളില്ലാതെ കിടക്കുന്നുണ്ട്. ഏകദേശം 42.8 മില്യൺ ഡോളർ മൂല്യമുള്ള ചെക്കുകളാണ് കുടുംബങ്ങൾ കൈപ്പറ്റുകയോ ബാങ്കിൽ നിക്ഷേപിക്കുകയോ ചെയ്യാത്തത്. തപാൽ മാർഗ്ഗം അയക്കുന്ന ചെക്കുകൾ മേൽവിലാസക്കാരിലെത്താതിരിക്കുകയോ അല്ലെങ്കിൽ ലഭിച്ചവർ അത് ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യുന്നതാണ് ഇത്രയും വലിയ തുക കെട്ടിക്കിടക്കാൻ കാരണമായി വിലയിരുത്തപ്പെടുന്നത്.
നിലവിൽ ആനുകൂല്യങ്ങൾ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് (Direct Deposit) കൈമാറാനാണ് ഫെഡറൽ സർക്കാർ മുൻഗണന നൽകുന്നത്. എങ്കിലും ഒരു വിഭാഗം ആളുകൾക്ക് ഇപ്പോഴും തപാൽ വഴിയാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. സ്വന്തം പേരിൽ മാറാത്ത ചെക്കുകൾ ഉണ്ടോ എന്ന് കാനഡ റവന്യൂ ഏജൻസിയുടെ (CRA) വെബ്സൈറ്റ് വഴി പരിശോധിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Carbon rebate and child benefit not received; $2 billion in government checks pending



