ഒട്ടാവ: കാനഡയിൽ താൽക്കാലിക വിസയിലെത്തുന്നവർ കാലാവധിക്ക് ശേഷം രാജ്യം വിടുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കാൻ കുടിയേറ്റ, പൗരത്വ മന്ത്രി ലീന മെറ്റ്‌ലേജ് ദിയാബ്. തൊഴിൽ, പഠന ആവശ്യങ്ങൾക്കായി എത്തുന്ന ലക്ഷക്കണക്കിന് ആളുകളുടെ വിസ കാലാവധി ഈ വർഷം അവസാനിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.
കാനഡ ബോർഡർ സർവീസസ് ഏജൻസിയും (CBSA) ഇമിഗ്രേഷൻ വകുപ്പും (IRCC) യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും, താൽക്കാലിക താമസക്കാർ രാജ്യം വിടുന്നത് നിരീക്ഷിക്കാൻ നിലവിൽ ലളിതമായ സംവിധാനമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഏകദേശം 19 ലക്ഷം താൽക്കാലിക വിസകളാണ് ഈ വർഷം കാലാവധി പൂർത്തിയാക്കുന്നത്. ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ഈ പോരായ്മ പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വിസ കാലാവധി കഴിഞ്ഞാണോ ഒരാൾ രാജ്യം വിടുന്നതെന്ന് നിലവിൽ സി.ബി.എസ്.എയ്ക്ക് കൃത്യമായി കണ്ടെത്താനാകില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഓരോ യാത്രികന്റെയും രേഖകൾ പ്രത്യേകം പരിശോധിക്കുന്നത് നിലവിൽ വലിയ അധ്വാനമുള്ള ജോലിയാണ്. 2024-ൽ താൽക്കാലിക വിസയിലെത്തിയവരിൽ വലിയൊരു വിഭാഗം അഭയാർത്ഥി അപേക്ഷകൾ നൽകിയത് കുടിയേറ്റ സംവിധാനത്തിന് വലിയ വെല്ലുവിളിയായിരുന്നു. ഏകദേശം 1.12 ലക്ഷം താൽക്കാലിക താമസക്കാരാണ് കഴിഞ്ഞ വർഷം അഭയം തേടിയത്.
അഭയാർത്ഥി അപേക്ഷകളിലെ വർധനവ് നിയന്ത്രിക്കാനായി അതിർത്തി സുരക്ഷാ നിയമത്തിൽ (ബിൽ C-12) ഭേദഗതികൾ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. കുടിയേറ്റ സംവിധാനത്തിൽ പൊതുജനവിശ്വാസം വീണ്ടെടുക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റങ്ങളെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി പാസ്‌പോർട്ട് പുതുക്കുന്നതിനും ഡിജിറ്റൽ വിസകൾക്കുമായി പുതിയ ഓൺലൈൻ പൈലറ്റ് പദ്ധതികൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Immigration Minister Leena Metlage to strengthen monitoring to ensure return of those whose visas have expired



