ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത സമ്മർദ്ദമാണെന്ന് സഹോദരൻ സി .ജെ. ബാബു ആരോപിച്ചു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് റോയ് തന്നോട് സംസാരിച്ചിരുന്നതായും നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. ജനുവരി 30-ന് രാവിലെ 10:45-ഓടെയാണ് റോയ് അവസാനമായി ഫോണിൽ സംസാരിച്ചത്. അന്ന് വൈകുന്നേരം ഏഴ് മണിക്ക് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ജനുവരി 28 മുതൽ മൂന്ന് ദിവസമായി സി.ജെ. റോയിയുടെ ഓഫീസിൽ പരിശോധന നടത്തിവരികയായിരുന്നു. റെയ്ഡ് നടത്തിയ സംഘത്തിലെ അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദ് റോയിയെ ഭീഷണിപ്പെടുത്തിയിരുന്നതായി സി .ജെ. ബാബു ആരോപിച്ചു. ഉദ്യോഗസ്ഥരിൽ നിന്നുള്ള മാനസിക സമ്മർദ്ദമാണ് അദ്ദേഹത്തെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. 43 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
സി.ജെ. റോയിക്ക് മറ്റ് സാമ്പത്തിക ബാധ്യതകളോ കടങ്ങളോ ഭീഷണികളോ ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ അറിയിച്ചു. കമ്പനി പ്രവർത്തനങ്ങളിൽ കൃത്യമായ അച്ചടക്കം പാലിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും സാധാരണ നിലയിലുള്ള പിഴ അടച്ചുതീർക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ബാബു വ്യക്തമാക്കി. ഓഫീസിൽ രണ്ട് മണിക്ക് ശേഷം ഉണ്ടായ സംഭവങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്നും കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ ബെംഗളൂരു സെൻട്രൽ ഡിസിപിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. റോയിയുടെ രണ്ട് മൊബൈൽ ഫോണുകളും ആത്മഹത്യയ്ക്ക് ഉപയോഗിച്ച തോക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ബെംഗളൂരുവിലെയും കേരളത്തിലെയും ഓഫീസുകളിൽ ഒരേസമയമാണ് റെയ്ഡ് നടന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. സി.ജെ. റോയിയുടെ സംസ്കാരം നാളെ ബെംഗളൂരു കോറമംഗലയിൽ നടക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
They are the reason for everything; C.J. Roy’s brother C.J. Babu is heartbroken



