ന്യൂഡൽഹി∙രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യൻ പൗരനെന്ന ചരിത്ര നേട്ടം കൈവരിച്ച ശുഭാംശു ശുക്ലയെ രാജ്യം പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര നൽകി ആദരിച്ചു. രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശ ദൗത്യത്തിന്റെ പേരിൽ ഈ പുരസ്കാരം തേടിയെത്തുന്ന വ്യക്തിയാണ് ലക്നൗ സ്വദേശിയായ ശുഭാംശു. ഇന്ത്യയുടെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിന് നേതൃത്വം നൽകുന്ന മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തിചക്ര പുരസ്കാരവും ലഭിച്ചു. പ്രശാന്തിനൊപ്പം മേജർ അർഷദീപ് സിങ്, നായിബ് സുബേദാർ ദോലേശ്വർ സുബ്ബ എന്നിവരും കീർത്തിചക്രയ്ക്ക് അർഹരായിട്ടുണ്ട്.
സമുദ്രത്തിലൂടെ സാഹസികമായി ലോകം ചുറ്റിയ കോഴിക്കോട് സ്വദേശിനി ലെഫ്റ്റനന്റ് കമാൻഡർ കെ. ദിൽനയും സംഘാംഗമായ എ. രൂപയും ശൗര്യചക്ര പുരസ്കാരത്തിലൂടെ കേരളത്തിന്റെ അഭിമാനം ഉയർത്തി. സായുധ സേനയിലെ 13 പേർക്കാണ് ഇത്തവണ ശൗര്യചക്ര ലഭിച്ചത്. മലയാളികളായ മേജർ ശിവപ്രസാദ്, അനീഷ് ചന്ദ്രൻ എന്നിവർ ധീരതയ്ക്കുള്ള സേനാ മെഡലിനും ബ്രിഗേഡിയർ അരുൺകുമാർ ദാമോദരൻ യുദ്ധസേവാ മെഡലിനും അർഹരായി. മേജർ ജനറൽ കെ. മോഹൻ നായർക്ക് അതിവിശിഷ്ട സേവാ മെഡലും മുഹമ്മദ് ഷാമിലിന് ഉത്തംജീവൻ രക്ഷാപതകും പ്രഖ്യാപിച്ചതോടെ പുരസ്കാരപ്പട്ടികയിൽ കേരളത്തിന് മികച്ച നേട്ടമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
The sky is filled with pride; Ashoka Chakra for Subhanshu Shukla, Kirti Chakra for Prashanth Balakrishnan



