ഒട്ടാവ: 2026 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന ദേശീയ സെൻസസ് നടപടികൾക്കായി രാജ്യത്തുടനീളം 32,000 താൽക്കാലിക ജീവനക്കാരെ നിയമിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. കനേഡിയൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും പുറമെ സാധുവായ വർക്ക് പെർമിറ്റ് ഉള്ളവർക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഡാറ്റാ ശേഖരണത്തിനായി എന്യൂമറേറ്റർമാർ, ക്രൂ ലീഡർമാർ എന്നീ തസ്തികകളിലേക്കാണ് പ്രധാനമായും നിയമനം നടക്കുന്നത്.
കാനഡയിൽ താമസിക്കുന്ന, പ്രായപൂർത്തിയായ വ്യക്തികൾക്ക് ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ആൽബർട്ട, മാനിറ്റോബ, ഒന്റാരിയോ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ക്യുബെക്, സസ്‌കാച്ചവൻ എന്നിവിടങ്ങളിൽ 18 വയസ്സും മറ്റ് പ്രവിശ്യകളിൽ 19 വയസ്സുമാണ് കുറഞ്ഞ പ്രായപരിധി. സൂപ്പർവൈസറി തസ്തികകളിലേക്ക് അഭിമുഖം ഉണ്ടാകുമെന്നും എല്ലാ ഉദ്യോഗസ്ഥർക്കും സെക്യൂരിറ്റി ക്ലിയറൻസ് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
എന്യൂമറേറ്റർ തസ്തികയിൽ മണിക്കൂറിന് 25.87 ഡോളറാണ് വേതനം. വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയാണ് ഇവരുടെ പ്രധാന ചുമതല. ആഴ്ചയിൽ കുറഞ്ഞത് 20 മണിക്കൂർ ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ക്രൂ ലീഡർ തസ്തികയിൽ മണിക്കൂറിന് 31.32 ഡോളർ വേതനം ലഭിക്കും. ഒരു ടീമിനെ നയിക്കുന്ന ഈ തസ്തികയിലേക്ക് ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്യേണ്ടതുണ്ട്. യാത്രാച്ചെലവുകൾക്കും പാർക്കിംഗിനും പ്രത്യേക അലവൻസുകൾ ലഭിക്കുമെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു.
സെൻസസ് ജോലികളിലെ പ്രവൃത്തിപരിചയം കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നവർക്ക് ഗുണകരമായേക്കാം. ക്രൂ ലീഡർ തസ്തിക NOC 12113 പ്രകാരം സ്കിൽഡ് വർക്ക് വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ ഈ പ്രവൃത്തിപരിചയം സി.ഇ.സി മാനദണ്ഡങ്ങൾക്കായി ഉപയോഗിക്കാം. എന്നാൽ എന്യൂമറേറ്റർ തസ്തിക TEER 4 വിഭാഗത്തിൽ വരുന്നതിനാൽ ഇതിലെ പ്രവൃത്തിപരിചയം പി.ആർ അപേക്ഷകൾക്കായി പരിഗണിക്കില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മാർച്ച് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ക്രൂ ലീഡറായി ജോലി ചെയ്യുന്നവർക്ക് സി.ഇ.സി പ്രോഗ്രാമിന് ആവശ്യമായ 1,560 മണിക്കൂറിൽ 660 മണിക്കൂർ വരെ ഇതിലൂടെ പൂർത്തിയാക്കാം. ഇമിഗ്രേഷൻ വിഭാഗം നിഷ്കർഷിക്കുന്ന പ്രധാന ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ടെന്ന് തെളിയിക്കാൻ സാധിച്ചാൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. വടക്കൻ മേഖലകളിലും വിദൂര പ്രദേശങ്ങളിലും ഫെബ്രുവരി മുതൽ തന്നെ സെൻസസ് നടപടികൾ ആരംഭിക്കും.
ഓരോ അഞ്ച് വർഷം കൂടുമ്പോഴും രാജ്യത്തെ ജനസംഖ്യയും ജീവിതസാഹചര്യങ്ങളും വിലയിരുത്തുന്നതിനാണ് കാനഡയിൽ സെൻസസ് നടത്തുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, ഗതാഗതം തുടങ്ങിയ മേഖലകളിൽ നയരൂപീകരണം നടത്തുന്നതിന് സെൻസസ് വിവരങ്ങൾ അത്യന്താപേക്ഷിതമാണ്. കാനഡയിലെ എല്ലാ കുടുംബങ്ങളും സെൻസസ് ചോദ്യാവലി പൂരിപ്പിക്കണമെന്നത് നിയമപരമായ ബാധ്യതയാണെന്നും അധികൃതർ അറിയിച്ചു.
Canada Census 2026: Applications invited for 32,000 vacancies; Work permit holders also have an opportunity
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



