കോഴിക്കോട്: ലൈംഗികാതിക്രമം ആരോപിച്ച് യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. ഷിംജിത പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിലുള്ള മനോവിഷമം മൂലമാണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് സംഭവവുമായി ബന്ധപ്പെട്ട നിർണായക വീഡിയോ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു.
ദീപക്കിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ഏഴോളം വീഡിയോകളാണ് ഷിംജിത ചിത്രീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പലതും പിന്നീട് ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇവ വീണ്ടെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ, യുവതി ആരോപിച്ചതുപോലെ ബസ് യാത്രയ്ക്കിടെ അസ്വാഭാവികമായ പെരുമാറ്റം ദീപക്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് പോലീസ് നിരീക്ഷിച്ചു. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും യാത്രക്കാരുടെ മൊഴികളിൽ നിന്നും ഷിംജിതയുടെ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
സംഭവം നടന്ന ബസിൽ നിന്ന് ഇരുവരും സ്വാഭാവികമായ രീതിയിലാണ് ഇറങ്ങിപ്പോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തനിക്ക് നേരെ അതിക്രമം ഉണ്ടായെന്ന് ഷിംജിത അവകാശപ്പെടുന്നുണ്ടെങ്കിലും സംഭവത്തിൽ പോലീസിൽ പരാതി നൽകാൻ അവർ തയ്യാറായിരുന്നില്ല. നിയമപരമായ നടപടികൾക്ക് ശ്രമിക്കാതെ വീഡിയോ പ്രചരിപ്പിച്ചത് യുവാവിനെ വ്യക്തിഹത്യ നടത്താനാണെന്നാണ് പോലീസ് നിഗമനം. ഈ സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു.
നിലവിൽ റിമാൻഡിലുള്ള ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച കുന്ദമംഗലം കോടതി പരിഗണിക്കും. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Deepak's death: Police say Shimjita's allegations are false; Information in remand report revealed



