കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ദീപക് എന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും തുടർന്ന് യുവാവ് ജീവനൊടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ റിമാൻഡിൽ. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റും. കോടതിയിൽ ഹാജരാക്കിയപ്പോൾ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. തനിക്ക് ജാമ്യം അനുവദിക്കണമെന്ന് ഷിംജിത കോടതിയിൽ അപേക്ഷിച്ചെങ്കിലും പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ഒളിവിൽ കഴിഞ്ഞിരുന്ന ഷിംജിതയെ ബുധനാഴ്ച വൈകുന്നേരമാണ് വടകരയിലെ ബന്ധുവീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ദീപക്കിന്റെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ഇവർ ഒളിവിൽ പോയത്. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സംഭവം നടന്ന് ആറാം ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദീപക്കിന്റെ ആത്മഹത്യയെത്തുടർന്ന് ഷിംജിതയ്ക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് ലൈംഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ 23 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ നേരിട്ട കടുത്ത അപമാനത്തെത്തുടർന്നാണ് കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്.
അതേസമയം, കേസിൽ നിർണ്ണായകമായ തെളിവുകൾ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ആരോപണവിധേയമായ അതിക്രമത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്താനായില്ല. യാത്രയ്ക്കിടെ ബസിനുള്ളിൽ ആരും ഇത്തരമൊരു പരാതി പറഞ്ഞിട്ടില്ലെന്ന് ബസ് ജീവനക്കാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവസമയം ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരുടെ മൊഴിയും പോലീസ് ഉടൻ രേഖപ്പെടുത്തും.
അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് സംഘം ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. വരും ദിവസങ്ങളിൽ ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വീഡിയോ ചിത്രീകരിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനായി ഷിംജിതയുടെ മൊബൈൽ ഫോണും പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Deepak’s death: Accused Shimjitha remanded; will be transferred to Manjeri jail



